
തൃശൂർ: കൊവിഡ് വ്യാപനത്തിൽ തട്ടി ദേശീയപാത വികസനം താളം തെറ്റി. ഉദ്യോഗസ്ഥരടക്കം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ നടപടിക്രമങ്ങൾ തുലാസിലായി. ഇതുവരെയും ജില്ലയിൽ ഭൂമി വിട്ടുനൽകുന്ന പാതയോരവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പുനരധിവാസ കമ്മിറ്റി രൂപീകരിച്ചിട്ടില്ല. ഇതോടെ കുറ്റിപ്പുറം-ഇടപ്പള്ളി ദേശീയപാത വികസനത്തിന് ഭൂമി വിട്ടുകൊടുക്കേണ്ടവർ കടുത്ത ആശങ്കയിലാണ്.വില നിർണയവും പുനരധിവാസവും അടക്കം നടത്തുന്നതിന് 10 അംഗങ്ങളുള്ള പുനരധിവാസ കമ്മിറ്റിയാണ് രൂപീകരിക്കേണ്ടത്. ഇത് നീണ്ടതോടെ ഭൂമിയുടെ രേഖ പരിശോധിക്കുന്ന നടപടിയിൽ നിന്ന് ജനം വിട്ട് നിൽക്കുകയാണ്. രണ്ട് മാസം മുമ്പ് കമ്മിറ്റി രൂപവത്കരിക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ജില്ലാ കലക്ടർ ചെയർമാനും സ്‌പെഷ്യൽ ഡെപ്യൂട്ടി കലക്ടർ എൽ.എ (എൻ.എച്ച്) കൺവീനറുമായി പത്ത് പേര് അടങ്ങുന്ന കമ്മിറ്റി രൂപവത്കരിക്കണം എന്നായിരുന്നു ഉത്തരവ്. കമ്മിറ്റി രൂപീകരിച്ചാൽ സോഷ്യൽ ഓഡിറ്റിംഗ് അടക്കം ആവശ്യമാണെങ്കിൽ കമ്മറ്റിക്ക് നടത്താനാവും.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കമ്മിറ്റി രൂപീകരണം ത്രിശങ്കുവിലാണ്.യോഗം വിളിച്ചു ചേർക്കേണ്ട ജില്ലാ കലക്ടർക്ക് കൊവിഡ് വ്യവപന നിയന്ത്രണ ചുമതലയുള്ള വ്യക്തിയാണ്. ഇതിനാൽ തുടർ നടപടികൾ ഇനിയും വൈകാനിടയുണ്ടെന്നാണ് സൂചന. അതേസമയം സുതാര്യമല്ലാത്ത നടപടികൾ തുടരുന്നതിനാൽ ജനം കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്.
കമ്മിറ്രി അംഗങ്ങൾ
എൻ.എച്ച്.ഐ.എ പ്രോജക്ട് മാനജേർ, എം.പിയോ എം.എൽ.എയോ അടക്കം എട്ടുപേരെ കൂടി ഉൾപ്പെടുത്തി 10 അംഗ കമ്മിറ്റിയാണ് രൂപീകരിക്കേണ്ടത്. ജില്ലാ ആസുത്രണ സമതി ചെയർമാൻ, പഞ്ചായത്ത് മുൻസിപ്പാലിറ്റി അധികൃതർ, ഒരു ബാങ്കിന്റെ പ്രതിനിധി അടക്കം ജനപ്രതിനിധകളും ഉദ്യോഗസ്ഥരുമാണ് അംഗങ്ങൾ. ഇതു കൂടാതെ മേഖലയിലെ സന്നദ്ധ സംഘടന പ്രതിനിധി, ഭൂമി നഷ്ടപ്പെടുന്ന മേഖലയിൽ താമസിക്കുന്ന സ്ത്രീ പ്രതിനിധി, മേഖലയിൽ നിന്നുള്ള പട്ടികജാതി, പട്ടിക വർഗ പ്രതിനിധികളും കമ്മിറ്റിയിൽ വേണം.