കാഞ്ഞാണി: മണലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 26 ദിവസമായി നിലനിൽക്കുന്ന കണ്ടെയ്‌ൻമെന്റ് സോണുമായി ബന്ധപ്പെട്ട് അടഞ്ഞ് കിടക്കുന്ന പത്ത് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് കളക്ടർ അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞാണി യൂണിറ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ലോക് ഡൗണുമായി ബന്ധപ്പെട്ട് വാടാനപ്പിള്ളി കാഞ്ഞാണി സംസ്ഥാന പാത ഇതുവരെയും അടച്ചിട്ടില്ല. എന്നിരിക്കെയാണ് സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും പ്രവർത്തിക്കുന്ന പത്ത് വ്യാപാര കേന്ദ്രങ്ങൾ ഒരു മാസത്തോളമായി അടച്ചിടേണ്ട സാഹചര്യം വന്നത്. ഇത് കട ഉടമകളെയും, ജോലിക്കാരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
അഞ്ചാം വാർഡിലെ എല്ലാ റോഡുകളും ഇതിനകം തുറന്നു കഴിഞ്ഞിട്ടും ഏതാനും വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രം വിലക്ക് ഏർപ്പെടുത്തിയത് വിവേചനപരമാണെന്ന് ഭാരവാഹികൾ പറഞ്ഞു. ഈ വിഷയത്തിൽ പ്രാദേശിക ഭരണകൂടത്തിന്റെ അനുകൂലമായ ഇടപെടൽ ഉണ്ടായില്ലെന്നും ഇവർ പറയുന്നു. വ്യാപാരികളുടെ പ്രശ്നങ്ങളിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മണലൂർ പഞ്ചായത്തിലെ നിശ്ചിത വാർഡുകളിൽ വ്യാപാരികളുടെ പ്രതിനിധികൾ സ്ഥാനാർത്ഥികളായി മത്സരിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.പി ജിസ്, സെക്രട്ടറി ജിജോ കൊമ്പൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.