
തൃശൂർ: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പാണഞ്ചേരി ഹൈവേ ലിങ്ക് റോഡ് ഗതാഗതത്തിനായി തുറന്നു. റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ലില്ലി ഫ്രാൻസിസ് നിർവ്വഹിച്ചു. ഇരുവശത്തും കോൺക്രീറ്റ് കാനങ്ങൾ നിർമ്മിച്ച് കോൺക്രീറ്റ് ടൈലുകൾ വിരിച്ചാണ് റോഡ് നവീകരിച്ചത്. 2019 -20 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 11.9 ലക്ഷം ചെലവഴിച്ചാണ് നവീകരണ പദ്ധതി നടപ്പാക്കിയത്. 4.9 ലക്ഷം രൂപ ചെലവിൽ 74 മീറ്റർ കോൺക്രീറ്റ് റോഡും 7 ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് കാനകളുടെ പണികളുമാണ് പൂർത്തിയാക്കിയത്. മഴക്കാലത്ത് പതിവായി ഹൈവേ ലിങ്ക് റോഡ് വെള്ളക്കെട്ടിലായിരുന്നു. റോഡ് പുനർ നിർമ്മാണം പൂർത്തിയായതോടെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും. ഗ്രാമപഞ്ചായത്തിന്റെ വ്യാപാര കേന്ദ്രമായ പട്ടിക്കാട് ബസാർ റോഡിന്റെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നു. ബാലി ജോബ് പഞ്ചായത്ത് വാർഡ് മെമ്പർ പി.ജെ അജി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബൂബക്കർ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.