മാള: പുത്തൻചിറ കയർ വ്യവസായ സഹകരണ സംഘത്തിൽ പത്ത് ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ പ്രവർത്തനമാരംഭിച്ചു. ധനകാര്യ മന്ത്രി തോമസ് ഐസക് പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന കേരള കയർ പുനഃസംഘടനയുടെ ഭാഗമായി ആയിരം ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ 100 സഹകരണ സംഘങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുത്തൻചിറ സി.വി.എസിൽ സ്പിന്നിംഗ് മെഷീനുകൾ പ്രവർത്തനമാരംഭിച്ചത്. പുത്തൻചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി.

1977ൽ പ്രവർത്തനമാരംഭിച്ച സംഘത്തിൽ 1995 വരെ പരമ്പരാഗത റാട്ടിലാണ് 40 തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. 97ൽ ഐ.സി.ഡി.പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചതോടെ മോട്ടോറൈസ്ഡ് റാട്ടുകൾ വരികയും 100 സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തിൽ കയറുപിരി ആരംഭിക്കുകയും ചെയ്തു. കാലക്രമേണ റാട്ടുകളിൽ ഗുണമേന്മയുള്ള കയർ പിരിക്കാൻ പറ്റാതാവുകയും യൂണിറ്റ് പ്രവർത്തനക്ഷമമല്ലാതാവുകയും ചെയ്തു.

2018ൽ രണ്ടാം കയർ പുന:സംഘടനയുടെ ഭാഗമായി കൂടുതൽ ആധുനിക മെഷീനുകൾ സംഘത്തിൽ സ്ഥാപിച്ചു. 142 സെന്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന സംഘത്തിൽ നിലവിൽ 32 തൊഴിലാളികളാണുള്ളത്. എൻ. പത്മകുമാർ ഐ.എ.എസ്, കയർ വികസന ഡയറക്ടർ കെ.എസ് പ്രദീപ്കുമാർ എന്നിവർ ഓൺലൈനായി മുഖ്യപ്രഭാഷണം നിർവഹിച്ചു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് വി.എ നദീർ, വാർഡ് മെമ്പർ സംഗീത അനീഷ്, സി.വി.എസ് സംഘം സെക്രട്ടറി ആതിര രജീഷ് തുടങ്ങിയവർ പങ്കെടുത്തു.