 
തൃശൂർ: ജില്ലയിലെ എല്ലാ ഗ്രാമീണ വീടുകളിലും ടാപ്പ് വഴി കുടിവെള്ളമെത്തിക്കുന്ന ജലജീവൻ മിഷന്റെ ജില്ലാ തല പ്രവർത്തനോദ്ഘാടനം മന്ത്രി എ.സി മൊയ്തീൻ നിർവഹിച്ചു. ഗ്രാമീണ ജനതയ്ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും അടിസ്ഥാന വികസന കാര്യങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓൺലൈനിലൂടെ മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയായി. എം.എൽ.എമാരായ മുരളി പെരുനെല്ലി, ഇ.ടി ടൈസൺ മാസ്റ്റർ, കളക്ടർ എസ്. ഷാനവാസ് എന്നിവർ വിശിഷ്ടാതിഥികളായി.
ജലജീവൻ മിഷൻ പദ്ധതി
പദ്ധതിക്ക് 45 ശതമാനം കേന്ദ്ര വിഹിതവും 30 ശതമാനം സംസ്ഥാന വിഹിതവും 15 ശതമാനം പഞ്ചായത്ത് വിഹിതവും ബാക്കി 10 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. പദ്ധതിയിൽ ജില്ലയിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷനുകൾ നൽകും. ഒന്നാം ഘട്ടത്തിൽ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ 1.366 ലക്ഷം കണക്ഷനുകൾ നൽകും. ഇതിൽ 75 പഞ്ചായത്തുകൾക്കായി 1.318 ലക്ഷം കണക്ഷനുകൾ നൽകുന്നതിന് 261.59 കോടിയുടെ ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികൾ ആരംഭിച്ചു. 1500 കണക്ഷനുകൾ എളവള്ളി, നടത്തറ, അന്നമനട പഞ്ചായത്തുകളിൽ ജലനിധി വഴിയും, ബാക്കി കണക്ഷനുകൾ വാട്ടർ അതോറിറ്റിയിലൂടെയും നടപ്പിലാക്കും. 27 പഞ്ചായത്തുകളിൽ 15424 കണക്ഷനുകൾ നൽകുന്നതിനുള്ള പ്രവർത്തനം ഉടൻ തുടങ്ങും.
46 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി
തൃശൂർ: 46 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശുചിത്വ പദവി നേടി. 37 പഞ്ചായത്ത്, 7 മുനിസിപ്പാലിറ്റി, 2 ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയാണ് പദവി നേടിയത്. മാലിന്യ സംസ്കരണ രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനം നടത്തി വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ശുചിത്വ പദവി നൽകുന്നത്. ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യം ക്ലീൻ കേരള കമ്പനിക്കാണ് കൈമാറുക. മാലിന്യ ശേഖരണത്തിനായി ക്ലീൻ കേരള കമ്പനി കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഓരോ മാസവും മാലിന്യം കമ്പനി ശേഖരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടർ എസ്. ഷാനവാസിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ അവലോകന യോഗം ചേർന്നു. സംസ്ഥാന തലത്തിൽ 10 ന് രാവിലെ 10 ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ ശുചിത്വ പദവി പ്രഖ്യാപനം നിർവഹിക്കും.
46 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷനാകും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പരിപാടി നടത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ഹരിത കേരളം ജില്ലാ കോർഡിനേറ്റർ ജയകുമാർ, ഹരിത കേരള മിഷൻ കൺസൾട്ടന്റ് സി. ജഗജീവൻ, ക്ലീൻ കേരള കമ്പനി എം.ഡി സി. കേശവൻ നായർ, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ടി.എസ് ശുഭ എന്നിവർ ഓൺലൈനായി പങ്കെടുത്തു.