shyni

പുതുക്കാട് : 25 വർഷം മുൻപ് ലോണെടുത്ത 2.3 ലക്ഷം രൂപ തിരിച്ചടയ്ക്കാനാവാതെ 23.5 സെന്റ് സ്ഥലവും വീടും കൈവിട്ടുപോയ കുടുംബത്തിന് ഹൈക്കോടതിയുടെ ഇടപെടലിൽ വീട് തിരിച്ചുകിട്ടിയെങ്കിലും ആരുമറിയാതെ പോയത് 4 സെന്റ് ഭൂമിയാണ്.

തലോർ ചിറയത്ത് തൃശൂർകാരൻ വർഗീസ് മാസ്റ്ററുടെ ഭാര്യ ഷൈനിക്കും രണ്ട് പെൺമക്കൾക്കുമാണ് ഈ ദുര്യോഗം. ദേശീയപാതയ്ക്ക് സമീപത്തെ സെന്റിന് 10-15 ലക്ഷം വിലയുള്ള 23.5 സെന്റ് സ്ഥലവും വീടും ഏറ്റെടുക്കാനുള്ള ശ്രമമാണ് സെപ്തംബർ 11ന് ഹൈക്കോടതി ജസ്റ്റിസ് വിനോദ് ചന്ദ്രൻ തടഞ്ഞത്. വീടിരിക്കുന്ന ഭാഗമൊഴികെയുള്ള സ്ഥലം കിട്ടാനുള്ള തുകയ്ക്ക് ആനുപാതികമായി ബാങ്കിന് ഏറ്റെടുക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പതിനൊന്ന് വർഷമായി ബാങ്കിന്റെ നിർദ്ദേശപ്രകാരം വൈദ്യുതി വിച്ഛേദിച്ചതും ഉത്തരവ് പ്രകാരം പുനഃസ്ഥാപിച്ചു. കഴിഞ്ഞമാസം റവന്യൂ വകുപ്പിലെ സർവേയർ ബാങ്കിനായുള്ള ആറ് സെന്റ് അളക്കാനെത്തിയപ്പോളാണ് പുതിയ സ്‌കെച്ചിൽ ഈ നാല് സെന്റ് വഴിയായി രേഖപ്പെടുത്തിയതായി ഷൈനി അറിയുന്നത്. ഫലത്തിൽ ഈടായി നൽകിയ സ്ഥലത്തിൽ നിന്ന് നാല് സെന്റ് കൂടി കുടുംബത്തിന് നഷ്ടപ്പെട്ടു. അതേസമയം ബാങ്കറിയാതെ ഈ ഇടപാട് നടക്കില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്ഥലം വഴിയെന്ന പേരിൽ പോയത് സമീപ സ്ഥലത്തിന്റെ ഉടമയിലേക്കാണ്. ഉടമ ഈ വീടിന് പിറകിലുള്ള സ്ഥലത്തേക്ക് ഇവരുടെ സ്ഥലത്തു കൂടെ ബലമായി വഴി വെട്ടിയതുമായി ബന്ധപ്പെട്ട് 1997ൽ പൊലീസിൽ കേസുണ്ട്. മതിലും വീടിന്റെ താഴ്‌വാരവും പൊളിച്ചാണ് വഴിയുണ്ടാക്കിയത്. പാരലൽ കോളേജ് അദ്ധ്യാപകനായിരുന്ന വർഗീസ് 25 വർഷം മുമ്പാണ് വീടിനോട് ചേർന്ന് ബേക്കറി ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു സംരംഭം തുടങ്ങാൻ നെടുങ്ങാടി ബാങ്കിന്റെ (ഇപ്പോൾ പഞ്ചാബ് നാഷണൽ ബാങ്ക്) പുതുക്കാട് ശാഖയിൽ നിന്നും 2.3 ലക്ഷം വായ്പയെടുത്തത്. സ്ഥാപനം തുടങ്ങിയെങ്കിലും അധികം വൈകാതെ തൊഴിൽ പ്രശ്‌നത്തെ തുടർന്ന് പ്രവർത്തനം നിലക്കുകയായിരുന്നു. ആകെ അമ്പതിനായിരം രൂപയാണ് അന്ന് തിരിച്ചടച്ചത്. പിന്നീട് വർഗീസ് മാസ്റ്റർ നാടുവിട്ട് 2007ൽ മരിക്കുകയായിരുന്നു.

നാൾ വഴി ഇങ്ങനെ