ചാലക്കുടി: ഒരുവർഷത്തെ മേളത്തിന് തുടക്കമാകുന്നത് എക്കാലത്തും കൊരട്ടി മുത്തിയുടെ മുറ്റത്തുനിന്നാണ്. എന്നാൽ കൊട്ടിക്കയറ്റവും മേളപ്പെരുമയും ആഘോഷങ്ങളുമെല്ലാം ഇക്കുറി എന്താകുമെന്നുള്ള ആശങ്ക നാട്ടുകാരിൽ വർദ്ധിക്കുമ്പോൾ നിരാശമൂടിയ കൂട്ടരായി മേള കലാകാരന്മാരും. ഇവരുടെ നിരാശയും സാമ്പത്തിക ബുദ്ധിമുട്ടുകളും അവരുടെ കുടുംബങ്ങളിലേക്കും മെല്ലെ മെല്ലെ പടരുകയാണ്.
ജീവിതത്തിൽ ഇതാദ്യമായി വായ് മൂടിക്കെട്ടി ചെണ്ടകൾ പെരുക്കുമ്പോൾ ഭാസ്‌കരൻ ചന്ദ്രൻ സഹോദരന്മാരുടെ മുഖത്ത് നിഴലിച്ച ആശങ്കയുടെ കാരണവും മറ്റൊന്നായിരുന്നില്ല. കൊരട്ടിപള്ളിയിൽ കൊട്ടി തുടങ്ങുന്ന ഉത്സവകാല മേളങ്ങൾ നിരവധി ക്ഷേത്രങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ് കലാശിക്കുമ്പോൾ ഇവരുടെ ജീവിതം കൂടിയാണ് പച്ചപിടിക്കുന്നത്. നിരവധി കുടുംബങ്ങളുടെ ജീവതവും ഊരു ചുറ്റുന്ന ചെണ്ടപ്പുറത്തായിരുന്നു. മേളപ്പെരുമകൊണ്ട് കൊവിഡ് മഹാമാരിയെ തോൽപ്പിക്കാനാകില്ലെന്ന് തികഞ്ഞ ബോധ്യവുമുണ്ട് ചെറുവാളൂർ സ്വദേശികളായ ഈ കലാകാരന്മാർക്ക്.
കൊവിഡിന്റെ വരവോടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇക്കൂട്ടർ വാദ്യോപകരണങ്ങൾ തട്ടിൻ പുറുത്തു കയറ്റിയത്. പുതിയ ഉത്സവകാലത്ത് ശനിദശ മാറുമെന്നും പ്രതീക്ഷിച്ചു. എല്ലാം വൃഥാവിലാകുമെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ നിരാശയും ഏറുകയാണ് ഇവരടക്കമുള്ള കലാകാരന്മാർക്ക്. പതിവു പോലെ ഇത്തവണയും കൊരട്ടിമുത്തിയുടെ തിരുനാൾ തീരുംവരെ ഇവർ പള്ളിയിൽ മേളം പെരുക്കും. തുടർന്നുള്ള ഉത്സവങ്ങൾ എങ്ങനെ ആകുമെന്ന് ഒരു നിശ്ചയവുമില്ല. കൊമ്പും കുഴലുമൊക്കെ മാസ്‌കിട്ട് ഉതാൻ കഴിയുമോ? എന്നതാണ് ഈ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നവരുടെ ചോദ്യം.
തേമാലിപമ്പിൽ കുടുംബക്കാരായ ഇവർക്ക് പാരമ്പര്യമായി കിട്ടിയതാണ് മേള പ്രമാണിത്തം. ജില്ലയിലെ നിരവധി ദേവാലയ മുറ്റങ്ങൾ ഭാസ്‌കരൻ ചന്ദ്രൻ സഹോദരന്മാരുടെ മേളപ്പെരുക്കത്തിൽ ആവേശഭരിതമായി. ചെണ്ടമേളം, ശിങ്കാരി, നാദസ്വരം, പഞ്ചവാദ്യം തുടങ്ങി എല്ലാം ഇവർക്ക് വഴങ്ങി. ശിഷ്യഗണങ്ങളുടെ നിരവധി കുടുംബങ്ങളും ഉത്സവകാലങ്ങളിൽ ജീവിതം കണ്ടെത്തി. എന്നാൽ കേട്ടുകേൾവി പോലുമില്ലാത്ത വൈറസ് ബാധ എല്ലാം തകർത്തെറിഞ്ഞതായി കൊരട്ടിപ്പള്ളിയിലെ മേളത്തിനിടെ നിരാശയോടെ ഇവർ പറയുന്നു. തങ്ങളുടെ ജീവത ദൗത്യമാണിത്. ഇക്കാലമത്രയും ഇതിന് സാക്ഷ്യം വഹിച്ച ദേവാലയ മൂർത്തികളുടെ അനുഗ്രഹത്താൽ മഹാമാരിയെ കീഴടക്കാൻ കഴിയട്ടെയെന്ന പ്രാർത്ഥനയോടെ ഇവർ ചെണ്ടകൾ കൊട്ടി തിമിർക്കുകയാണ്.