
തൃശൂർ: ഒരാഴ്ചയ്ക്കുള്ളിൽ കൊല്ലപ്പെട്ടത് വനിതാ ഡോക്ടറും സി.പി.എം നേതാവും അടക്കം നാലു പേർ. കുട്ടനെല്ലൂരിൽ വനിതാ ഡോക്ടർ സോന, സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപ്, എളനാട് ആദിവാസി കോളനിയിൽ പോക്‌സോ കേസ് പ്രതി സതീഷ്, ശ്രീനാരായണപുരത്ത് രാജേഷ് എന്നിവരാണ് ജില്ലയിൽ ഒരാഴ്ചയ്ക്കുള്ളിൽ കൊല്ലപ്പെട്ടത്.
കുന്നംകുളം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തിൽ ഏതാനും പ്രതികളെ പിടികൂടാനുള്ളത് ഒഴിച്ചാൽ എല്ലാ സംഭവങ്ങളിലും പ്രതികളെ പിടികൂടാനായത് ആശ്വാസം പകരുന്നു. പക്ഷേ കൊവിഡ് മഹാമാരിക്കിടയിലെ കൊലപാതകങ്ങൾ പൊലീസ് സേനയ്ക്കും തലവേദനയാകുകയാണ്. കൊലപാതകങ്ങൾക്ക് ഒപ്പം കഞ്ചാവ്, മയക്കു മരുന്ന് മാഫിയകളും ജില്ലയിൽ പിടിമുറുക്കി കഴിഞ്ഞു. നഗരത്തിൽ തന്നെ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ വിവിധ സ്ഥലങ്ങളിൽ നിന്നായി പൊലീസും എക്‌സൈസും കഞ്ചാവും മയക്കുമരുന്നുമായി നിരവധി പേരെയാണ് പിടികൂടിയത്.
1 സനൂപ്
പുതുശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപ് ചിറ്റിലങ്ങാട്ട് വെച്ചാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകം ആണെന്ന് പ്രചാരണം ഉണ്ടായെങ്കിലും പിടികൂടിയ പ്രതികളുടെ മൊഴി പ്രകാരം പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ മുഖ്യ പ്രതി അടക്കം പിടിയിലായി.
2. സോന
മൂവാറ്റുപുഴ സ്വദേശിനി വനിതാ ഡോക്ടർ സോന കൊല്ലപ്പെട്ടത് രണ്ടു വർഷമായി ഒപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ കുത്തേറ്റാണ്. സാമ്പത്തിക തർക്കങ്ങളാണ് വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ അവസാനിച്ചത്. സംഭവത്തിൽ പ്രതി പാവറട്ടി സ്വദേശി മഹേഷ് അറസ്റ്റിലായി.
3. സതീഷ്
പഴയന്നൂർ എളനാട് ആദിവാസി കോളനിയിൽ പോക്‌സോ കേസ് പ്രതിയെ ആളൊഴിഞ്ഞ വീടിനു മുന്നിലെ കളത്തിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൂർവ വൈരാഗ്യത്തിൽ മറ്റൊരു യുവാവാണ് എളനാട് സ്വദേശി സതീഷിനെ കൊലപെടുത്തിയത്. ഇതിൽ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ പ്രതിയെ വലയിലാക്കാനായി. ജാമ്യത്തിൽ ഇറങ്ങി നാട്ടിലെത്തിയപ്പോഴാണ് സതീഷ് കൊലക്കത്തിക്ക് ഇരയായത്.
4. രാജേഷ്
കൊടുങ്ങല്ലൂർ ശ്രീ നാരായണപുരത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന യുവാവിനെ പെട്രോൾ പമ്പിനു സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഴീക്കോട് സ്വദേശി നടുമുറി രാജേഷാണ് മരിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് അരുണിനെ പിടികൂടി. മദ്യപിച്ചുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.