poyya-fish-farm
ഫിഷറീസ് വകുപ്പിന്റെ അഡാക് പൊയ്യ ഫാമിൽ കരിമീൻ വിത്തുൽപ്പാദന യൂണിറ്റ് രണ്ടാം ഘട്ടം നിർമ്മാണ ഉദ്‌ഘാടനം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവഹിക്കുന്നു

മാള: മത്സ്യം കൃഷി ചെയ്യുന്ന സ്ഥലത്ത് നെല്ല് വിളയില്ലെന്ന വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇത്തരം പ്രചരണങ്ങളെ ചെറുക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫിഷറീസ് വകുപ്പിന്റെ അഡാക് പൊയ്യ ഫാമിൽ കരിമീൻ വിത്തുത്പാദന യൂണിറ്റ് രണ്ടാം ഘട്ടം നിർമ്മാണം ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു.

സംസ്ഥാനത്തെ മത്സ്യ സമ്പത്ത് ഒന്നര ലക്ഷമായി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. മത്സ്യ കൃഷിക്ക് തടസമായുള്ളത് മികച്ച വിത്ത് ലഭിക്കാത്തതാണ്. ഈ മേഖലയിലെ നിർമ്മാണങ്ങൾക്ക് സബ് കോൺട്രാക്ടർമാരെ ഒഴിവാക്കും. ഈ രംഗത്ത് നാട്ടറിവുകൾ പ്രയോജനപ്പെടുത്തി ഫാമിന്റെ ബണ്ടുകൾ ബലപ്പെടുത്തണം. ശാസ്ത്രീയമായും ജനകീയമായും വേണം നിർമ്മാണങ്ങൾ നടത്തേണ്ടത്. നിർമ്മാണങ്ങൾ സമയബന്ധിതമായി നടക്കാത്തതും അഭിമാനിക്കാൻ കഴിയാത്ത നിലയിൽ ഫാം കോടികളുടെ നഷ്ടത്തിലാകുന്നതും എല്ലാവരും സ്വയം വിലയിരുത്തണം. ഫാമിനെ ലാഭത്തിലാക്കാനുള്ള ശ്രമങ്ങൾ തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ അവർക്ക് അഭിമാനിക്കാൻ കഴിയില്ലെന്നും മന്ത്രി ജെ. മെസിക്കുട്ടിയമ്മ വ്യക്തമാക്കി. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ഫിഷറീസ് ഡയറക്ടർ സി.എ. ലത,പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ്, വാർഡ് മെമ്പർ ടി.കെ. കുട്ടൻ, അഡാക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, നിർമ്മിതി കേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ ഇ.ആർ. സുമേഷ് എന്നിവർ സംസാരിച്ചു. 293 ലക്ഷം രൂപ ചെലവഴിച്ചാണ് ഒരു വർഷത്തിൽ 7.68 ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാവുന്ന ഹാച്ചറി നിർമ്മിക്കുന്നത്.