 
വാടാനപ്പിള്ളി: ഏറെ നാളായി ഡയബറ്റിക് രോഗികളാണ് ഏങ്ങണ്ടിയൂർ തിരുമംഗലം ക്ഷേത്രത്തിന് കിഴക്കുവശം താമസിക്കുന്ന 54 കാരനായ മണ്ണാംപുരയ്ക്കൽ വേണുവും ഭാര്യയും. വേണുവിന്റെ ഡയബറ്റിക് നിയന്ത്രണ വിധേയമല്ലാതായതോടെ വിരലുകളിൽ തുടങ്ങിയ മുറിച്ചു മാറ്റൽ കാൽമുട്ട് വരെ നീണ്ടു. ഭാര്യയുടെ ഇരുകാലുകളും മുട്ടുവരെ മുറിച്ചു മാറ്റേണ്ടി വന്നു.
പ്രതിമാസം അയ്യായിരത്തോളം രൂപയാണ് ചികിത്സയ്ക്കും മരുന്നിനും മാത്രമായി നീക്കി വയ്ക്കുന്നതെന്ന് വേണു പറയുന്നു. ഓട്ടോ ഡ്രൈവറായ മകന്റെ വരുമാനം മാത്രമാണ് ഏക ആശ്രയം. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഓട്ടോയിലൂടെയുള്ള വരുമാനം ഇല്ലാതാകുകയും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലുമായി. ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കിയ ചാവക്കാട് താലൂക്ക് പാരാ ലീഗൽ വൊളന്റിയർ പ്രഭ പ്രദീപ് ഇക്കാര്യം വാടാനപ്പിള്ളി സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ ബിജോയിയുടെ ശ്രദ്ധയിൽപെടുത്തി.
നേരത്തെ പൊലീസിന്റെ ഇടപെടൽ മൂലം ഒരു സന്നദ്ധ സംഘടന ഈ കുടുംബത്തിനായി നാലുചക്ര വണ്ടി നിർമ്മിച്ചു നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ സന്നദ്ധ സംഘടന പിന്നീട് വാക്ക് മാറുകയായിരുന്നു. ഈ സമയത്താണ് എ.എസ്.ഐ ഷൈൻ ടി.ആർ ക്വാറന്റൈനിലാകുന്നത്. കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ് ഷൈൻ നാലുചക്ര വണ്ടിക്ക് വേണ്ട വസ്തുക്കളും നിർമ്മാണ ഉപകരണങ്ങളും സംഘടിപ്പിച്ച് ക്വാറന്റൈൻ കാലാവധി കഴിയുന്നതിനു മുമ്പേ മനോഹരമായ നാലു ചക്രവണ്ടി നിർമ്മിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ഫേമസ് വർഗീസ് നാലുചക്ര വണ്ടി വേണുവിന് കൈമാറി. സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ ബിജോയ്, എ.എസ്.ഐ: ഷൈൻ ടി.ആർ, വാടാനപ്പിള്ളി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.