
കൊടുങ്ങല്ലൂർ നഗരസഭയുടെ രണ്ടാമത്തെ ഉത്പന്നം
കൊടുങ്ങല്ലൂർ : മാലിന്യസംസ്‌കരണത്തിന്റെ ഭാഗമായി ടി.കെ.എസ് പുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിന്ന് കൊടുങ്ങല്ലൂർ നഗരസഭയുടെ രണ്ടാമത്തെ ഉത്പന്നം മുസിരിസ് ഗ്രോബാഗ് വിപണിയിലെത്തി. നേരത്തെ കോട്ടപ്പുറം മാർക്കറ്റിലെ പച്ചക്കായ, വിവിധ പച്ചക്കറികൾ, വാഴയില എന്നിവയുടെ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിച്ച് വളമാക്കി മുസിരിസ് ബയോ ഫെർട്ടിലൈസർ എന്ന പേരിൽ വിപണിയിൽ ഇറക്കിയിരുന്നു.
മുസിരിസ് അർബൻ പ്രോഡക്ട് എന്ന ബ്രാന്റിലാണ് മുസ്‌രിസ് ഗ്രോബാഗ് എന്ന കാർഷിക ബാഗുകൾ വിപണിയിൽ ഇറങ്ങിയത്. വിവിധ തരം പച്ചക്കറിതൈകൾ, ഔഷധസസ്യങ്ങൾ എന്നിവ കൃഷി ചെയ്യുവാൻ ഇവ ഉപയോഗിക്കാം. വളം നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന നാട്ടുപച്ച എന്ന വനിതാ കുടുംബശ്രീ ഗ്രൂപ്പാണ് ഇതിന്റെ ഉത്പാദന രംഗത്ത് പ്രവർത്തിക്കുന്നത്. ആയിരം ഗ്രോബാഗുകളാണ് ആദ്യദിവസം വിതരണം ചെയ്തത്. ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് ഗ്രോബാഗ് പ്ലാന്റിൽ നിന്ന് നൽകും.
നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ, സ്റ്റാർ സീഡ്‌സ് പ്രതിനിധി നെജു ഇസ്മയിലിന് ഗ്രോബാഗ് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.കെ രാമനാഥൻ അധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ ഹണിപീതാംബരൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എസ് കൈസാബ്, കൗൺസിലർമാരായ വി.എം.ജോണി, എം.കെ.സഹീർ, കെ.എം.രതീഷ് നഗരസഭാ സെക്രട്ടറി ടി.കെ.സുജിത്ത്, ഹെൽത്ത് സൂപ്പർവൈസർ കെ.വി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.