കയ്പമംഗലം: മത്സ്യത്തട്ടുകടകൾ അടിയന്തരമായി തുറന്നു പ്രവർത്തിക്കണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിച്ചു കൊണ്ടു വരുന്ന തൊണ്ണൂറു ശതമാനം മത്സ്യവും ചെറുകിട വ്യാപാരികൾ തട്ടുകൾ വഴിയാണ് വിൽക്കുന്നത്. തട്ടുകട നിരോധിച്ചാൽ മത്സ്യത്തൊഴിലാളികൾക്ക് ന്യായമായ വില ലഭിക്കാതിരിക്കുകയും, സാധാരണ ജനങ്ങൾക്ക് നല്ല മത്സ്യം കിട്ടാത്ത സാഹചര്യവും ഉണ്ടാകുമെന്നും യോഗം ചൂണ്ടിക്കാട്ടി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ് ഡൊമിനിക് ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മണി കാവുങ്ങൽ, ബ്ലോക്ക് പ്രസിഡന്റ് ഇ.കെ ബൈജു, പഞ്ചായത്ത് അംഗം പി.ടി രാമചന്ദ്രൻ, മത്സ്യ തൊഴിലാളി കയ്പമംഗലം ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് പി.കെ ശശി എന്നിവർ സംസാരിച്ചു.