ചാലക്കുടി: വെള്ളിയാഴ്ച പുലർച്ചെയുണ്ടായ പെരുമഴയിൽ മണിക്കൂറോളം നടുങ്ങി വിറച്ച് മലയോര പഞ്ചായത്തുകൾ. പരിയാരം, കോടശേരി പഞ്ചായത്തുകളിലെ ജനങ്ങളാണ് പ്രളയകാലത്തെ ഭീതിയിൽ അകപ്പെട്ടത്.

കപ്പത്തോട്ടിൽ നിന്നും അമിത ജലപ്രവാഹമുണ്ടായതിനാൽ പരിയാരത്ത് പല വീടുകളിലും വെള്ളം കയറുന്നതിനും ഏക്കർ കണക്കിന് കാർഷിക വിളകൾ നശിക്കുന്നതിനും ഇടയാക്കി. പൂവ്വത്തിങ്കൽ, കുറ്റിക്കാട്, തൂമ്പാക്കോട് തുടങ്ങിയിടങ്ങളിലായിരുന്നു മഴ ശക്തമായത്. മഹാപ്രളത്തിൽ പോലും വെള്ളം ഒഴിഞ്ഞു നിന്ന കുറ്റിക്കാട് ഉയർന്ന പ്രദേശങ്ങളിലെ ചില കുടുംബങ്ങളും വീടുവിട്ടിറങ്ങി.

വ്യാഴാഴ്ച രാത്രി പത്തരയോടെ ആരംഭിച്ച പെരുമഴ, പുലർച്ചെ രണ്ടോടെയാണ് ദുരിതം വിതച്ചത്. പ്രദേശത്തെ മുഴുവൻ പാടത്തേക്കും കൃഷി മേഖലയിലേക്കും വെള്ളം പാഞ്ഞെത്തി. തോടും വഴിയും അറിയാതെ ജനങ്ങൾ അങ്കലാപ്പിലായി. തൂമ്പാക്കോട് പുളിക്ക ഷോബിന്റെ വീടിന്റെ പിൻഭാഗത്തേക്ക് വെള്ളം കയറി. ഫ്രിഡ്ജും മറ്റ് ഉപകരണങ്ങളും നശിച്ചു.

കഴിഞ്ഞ ആഗസ്റ്റിലെ കാലവർഷത്തിലും വീടിനുള്ളിലേക്ക് വെള്ളം കയറിയില്ലെന്ന് വീട്ടമ്മ മേരി പറയുന്നു. വടക്കുംപാടൻ തോമസ്, പടമാടൻ ബാബു, കൂനൽ കുഞ്ഞുവർക്കി തുടങ്ങിയവരുടെ കാർഷിക വിളകളും വെള്ളം കയറി നശിച്ചിട്ടുണ്ട്. വെണ്ണാട്ടുപറമ്പിൽ ലോനപ്പൻ, കരിമാലിക്ക ജോസ്, കരിമാലിക്ക ദേവസിക്കുട്ടി എന്നിവരുടെ ജാതിത്തോട്ടങ്ങളിലും മണിക്കൂറുകളോളം വെള്ളം കെട്ടിനിന്നു.

കുറ്റിക്കാട് കൈതപ്പിള്ളിയിൽ മാളിയേക്കൽ സദന്റെ വീട്ടിലേക്ക് വെള്ളം കയറി വാഷിംഗ് മെഷിൻ, ഫ്രിഡ്ജ് എന്നിവ നശിച്ചു. മോട്ടോറുകളും കേടുവന്നു. ഇയാളുടെ കുടുംബം അയൽവീട്ടിലേക്ക് താമസം മാറ്റി. ഇവിടെ തോടിന്റെ മറുകരയിൽ ഒറ്റപ്പെട്ട വീട്ടിൽ യുവതിയും മകളും കനത്ത മഴവെള്ള ഭീഷിണിയിലായി. പെരിങ്ങാടൻ രതീഷിന്റെ ഭാര്യ അനൂപയും മകളുമാണ് മണിക്കൂറുകളോളം നട്ടം തിരിഞ്ഞത്.

വൈദ്യുതി ബോർഡിൽ രാത്രി ജോലിയിലായിരുന്ന രതീഷിനെ പരിസരത്തെ യുവാക്കൾ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഭയന്നു വിറച്ച അവസ്ഥയിലായിരുന്നു തങ്ങളെന്ന് അനൂപ പറഞ്ഞു. കർഷക സംഘം മേഖലാ സെക്രട്ടറി വി.സി. സിജോയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ രക്ഷാ പ്രവർത്തനം.

ഒറ്റക്കൊമ്പൻ പ്രദേശത്ത് റോഡിന്റെ ഒരു ഭാഗം വെള്ളപ്പാച്ചലിൽ ഒലിച്ചുപോയി. ഇവിടേയും നിരവധി പേരുടെ കൃഷിയിടത്തിൽ വെള്ളം കയറി. പ്രളയത്തിനു ശേഷമുണ്ടായ അതിശക്തമായ വെള്ളപ്പാച്ചലിൽ കപ്പത്തോടിന്റെ എല്ലാ ഭാഗത്തും നിറഞ്ഞൊഴുകി. ജനങ്ങൾ അങ്കലാപ്പിലായി നിന്നത് മണിക്കൂറായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസ് പറഞ്ഞു.