അന്തിക്കാട്: അന്തിക്കാട് പഞ്ചായത്തിലെ അംഗൻവാടികളിൽ വർക്കർ, ഹെൽപ്പർ, നിയമനത്തിൽ അഴിമതി നടന്നതായി ആരോപണം. സെലക്ഷൻ കമ്മിറ്റി കൂടിക്കാഴ്ചയിൽ പങ്കെടുക്കാത്തവരെയും പഞ്ചായത്തിന് പരിധിക്ക് പുറത്തുള്ളവരെയും പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും റാങ്ക് ലിസ്റ്റിൽ ഒന്നാമതായി കാണിച്ച് നിയമനം നടത്തിയെന്നാണ് ആരോപണം. ഇക്കാര്യം ഉന്നയിച്ച് അംഗൻ വാടികളിൽ താത്കാലികമായി ജോലി ചെയ്യുന്ന യുവതികൾ കളക്ടർക്ക് പരാതി നൽകി.

അഞ്ചു അംഗൻവാടികളിലേക്ക് വർക്കർമാരെയും നാല് ഹെൽപ്പർമാരെയും നിയമനം നടത്തുന്നതിന് 2018 ജൂലായിൽ പഞ്ചായത്തിൽ പി.എസ്.സി അനുശാസിക്കുന്നവിധം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ അഭിമുഖത്തിന്റെ ലിസ്റ്റ് രണ്ടര വർഷമായിട്ടും പ്രസിദ്ധികരിക്കാതെ കഴിഞ്ഞ സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് തിരഞ്ഞെടുത്ത വരെ ഒറ്റദിവസം കൊണ്ട് നിയമനം നടത്തിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് പരാതിക്കാരായ സുനിത എ.എസ്, നീതു എം.എസ്, പ്രസന്ന കെ.പി., ഷാജിത കെ.യു,, രാജി പി.ആർ എന്നിവർ പരാതിയിൽ പറയുന്നു. കഴിഞ്ഞ 8ന് അന്തിക്കാട് ശിശുക്ഷേമ വികസന സമിതി ഓഫിസിൽ പോയപ്പോഴും ലിസ്റ്റ് പ്രസിദ്ധികരിച്ചിരുന്നില്ലെന്ന് പരാതിയിലുണ്ട്. പഞ്ചായത്ത് പ്രസിഡന്റും വനിതാ ശിശുക്ഷേമ വികസന വകുപ്പ് ഓഫീസറും ബ്ലോക്ക് മെമ്പറും ഉൾപ്പെടെ പഞ്ചായത്ത് അധികൃതർ പുറമെ നിന്ന് നിശ്ചയിക്കുന്ന അഞ്ച് സാമൂഹിക പ്രവർത്തകരും ഉൾപ്പെടുന്ന സെലക്ഷൻ കമ്മിറ്റിയാണ് കൂടിക്കാഴ്ച നടത്തിയത്. ഇവരുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. അംഗൻവാടികളിൽ താത്കാലിക വർക്കർമാരായും ഹെൽപ്പർമാരായും ജോലി ചെയ്തുകൊണ്ടിരിക്കുന്നവരാണ് ലിസ്റ്റിൽ അഴിമതി ആരോപണവുമായി കംഗത്തുവന്നിരിക്കുന്നത്.

എല്ലാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സെലക്ഷൻ കമ്മിറ്റി അംഗൻവാടികളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുത്തിരിക്കുന്നത് താത്കാലിക നിയമനം നടത്തുമ്പോഴാണ് സിനിയോറിറ്റി ലിസ്റ്റ് പ്രകാരം വയ്ക്കുക. ഇന്റർവ്യൂ പ്രകാരം നിയമിക്കുമ്പോൾ മാർക്കിന്റെ അടിസ്ഥാനത്തിലാണ് നടത്തിയിട്ടുള്ളത്. വഴിവിട്ട നിയമനം നടത്തിയിട്ടില്ല.
- എ.വി ശ്രീവത്സൻ, പ്രസിഡന്റ്, അന്തിക്കാട് ഗ്രാമപഞ്ചായത്ത്‌