ചാലക്കുടി: ചരിത്ര പ്രസിദ്ധമായ കൊരട്ടിമുത്തിയുടെ തിരുനാളിന്റെ പ്രധാന ചടങ്ങുകൾ ഇന്നു നടക്കും. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ വിശ്വാസികളെ പരാമാവധി ഒഴിവാക്കിയാണ് ചടങ്ങുകൾ. എല്ലാവർഷവുമുള്ള പ്രദക്ഷിണം ഉണ്ടായിരിക്കില്ല. തിരുനാൾ കുർബ്ബാനകളുടെ എണ്ണവും മൂന്നാക്കി ചുരുക്കി. ഇതര ഭാഷകളിലെ കുർബ്ബാനകളും ഇക്കുറിയില്ല. പൂവൻകുല അടക്കമുള്ള എല്ലാ വഴിപാടുകളും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ പൂവൻകുലകൾ പള്ളിയിൽ സമർപ്പിക്കാൻ അവസരം ഒരുക്കും. കുർബ്ബാന വേളകളിൽ ദേവാലയത്തിന്റെ വാതിലുകൾ അടഞ്ഞു കിടക്കും. മറ്റു സമയങ്ങളിൽ പൊലീസിന്റെ കർശന നിയന്ത്രണത്തിൽ വിശ്വാസികളെ പള്ളിയിലേയ്ക്ക് കടത്തി വിടും.
രാവിലെ 6ന് നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ഫാ.ലൂക്കോസ് കുന്നത്തൂർ കാർമ്മികനാകും. തുടർന്ന് പൂവൻകുല വെഞ്ചിരിക്കും. 10.30ന് ഇടവകയിലെ വൈദികർ സമൂഹ ബലിയർപ്പിക്കും. വൈകീട്ട് 4.45നുള്ള ആഘോഷമായ പാട്ടുകുർബ്ബാന ഫാ.ജോബി കാവുങ്ങൽ നയിക്കും.