കൊടകര: വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ കൊടകര കനകമലയിൽ ചങ്കൻ ആന്റണിയുടെ കോഴി ഫാമിലെ ആറായിരത്തി അഞ്ഞൂറോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഫാമിന് അരികിലായുള്ള കൂരിച്ചിറ നിറഞ്ഞ് ഒഴുകി ഫാമിലേക്ക് വെള്ളം കയറിയാണ് കോഴിക്കുഞ്ഞുങ്ങൾ ചത്തത്.
10 ബ്രൂണറുകളിലായുണ്ടായിരുന്ന 14 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളായിരുന്നു ചത്തത്. ഒരു ബ്രൂണറിൽ 650 കുഞ്ഞുങ്ങളാണ് ഉള്ളത്.
40 ദിവസം പ്രായമായാൽ മാർക്കറ്റിൽ ഇറച്ചി കോഴിയായെത്തുന്ന ബ്രോയിലർ വിഭാഗത്തിൽ പെട്ട കോഴികളാണ് ഇവിടെ ഉണ്ടായിരുന്നത്. മൃഗസംരക്ഷണ വകുപ്പിൽ നിന്നും ഉദ്യോഗസ്ഥരെത്തി. അഞ്ചര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ആന്റണി പറഞ്ഞു.