fake

തൃശൂർ: സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച 'വീടില്ലാത്ത പെൺകുട്ടി' നീതു ജോൺസന്റെ പേരിലുള്ള വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്തണം എന്നാവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ നൽകിയ പരാതിയിൽ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു. ലൈഫ് മിഷൻ അഴിമതിക്കെതിരെ അനിൽ അക്കര രംഗത്തു വന്നതിനു പിന്നാലെയാണ് 'പാവപ്പെട്ടവർക്കു വീട് കിട്ടാനുള്ള അവസരം എം.എൽ.എ നഷ്ടമാക്കി' എന്ന ആരോപണവുമായി നീതു ജോൺസൺ എന്ന പെൺകുട്ടിയുടെ പേരിൽ പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്.

വടക്കാഞ്ചേരി മണ്ഡലത്തിലുള്ള മങ്കരയിലെ പുറമ്പോക്കിൽ ഒറ്റമുറിയിൽ താമസിക്കുന്ന നീതു ജോൺസൺ, അനിൽ അക്കരയ്ക്ക് എഴുതിയെന്ന തരത്തിലുള്ള കത്താണ് പ്രചരിപ്പിച്ചത്. പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അനിൽ അക്കര നേരത്തെ ആരോപിച്ചിരുന്നു. 'ലൈഫ് മിഷൻ ഫ്‌ളാറ്റ് അനുവദിച്ചിട്ടുണ്ടെന്നും അതില്ലാതാക്കരുതെന്നും' കത്തിൽ അഭ്യർത്ഥിച്ചിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടി നേരിട്ടു വന്നാൽ വീടുവയ്ക്കാനുള്ള ഭൂമിയും വീടും നൽകാമെന്നു പറഞ്ഞ് അനിൽ അക്കരയും രമ്യ ഹരിദാസ് എം.പിയും മങ്കരയിൽ മൂന്ന് മണിക്കൂർ കാത്തിരുന്നു. പക്ഷേ ആരും വന്നില്ല. തുടർന്നാണ് കേസുമായി പോകാൻ എം.എൽ.എ തീരുമാനിച്ചത്.