nidhin-vadham

തൃശൂർ: ഒരാഴ്ചയ്ക്കുള്ളിൽ കൊലപാതകങ്ങളിൽ മരിച്ചവരുടെ എണ്ണം ആറായി. ഇന്നലെ അന്തിക്കാട് മാങ്ങാട്ടുകരയിൽ ബി.ജെ.പി പ്രവർത്തകൻ നിധിനും ഒല്ലൂരിൽ പ്രഭാത സവാരിക്കിടെ സഹോദരപുത്രന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥനും മരിച്ചു. ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽ വെള്ളപ്പാടി ശശിയാണ് (60) മരിച്ചത്. അന്തിക്കാട്ടെ കൊലപാതകം പട്ടാപ്പകലാണ് അരങ്ങേറിയത്.

മുൻ താന്ന്യം പഞ്ചായത്ത് അംഗത്തിന്റെ മകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിധിൻ പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങിയ നിധിൻ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയായിരുന്നു കൊലപാതകം. കാറിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ അക്രമികൾ വണ്ടിയിലിടിച്ച് നിറുത്തി നിധിനെ വലിച്ചിറക്കി നടുറോഡിലിട്ട് വെട്ടുകയായിരുന്നു. കഴിഞ്ഞ കുറെക്കാലമായി അന്തിക്കാട് -താന്ന്യം മേഖലകളിൽ ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയുടെ അവസാനത്തെ ഇരയാണ് നിധിൻ. നേരത്തെ വെട്ടേറ്റ് മരിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ആദർശിന്റെ പേരിലും കൊലപാതകമടക്കം നിരവധി കേസുകളുണ്ട്.

ജൂലായിലാണ് താന്ന്യത്ത് ചായക്കടയിൽ ഇരുന്നിരുന്ന ആദർശിനെ ഒരു സംഘം വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. കഞ്ചാവ് മാഫിയകളും ഇവിടെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകമാണ് രണ്ട് കൊലപാതകങ്ങളുമെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടനെല്ലൂരിൽ വനിതാ ഡോക്ടർ സോന, സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപ്, എളനാട് ആദിവാസി കോളനിയിൽ പോക്‌സോ കേസ് പ്രതി സതീഷ്, ശ്രീനാരായണപുരത്ത് രാജേഷ് എന്നിവരാണ് ജില്ലയിൽ ഒരാഴ്ചയ്ക്കുള്ളിൽ കൊല്ലപ്പെട്ടത്.

ക്രമസമാധാന നില തകർന്നു : ടി.എൻ പ്രതാപൻ

ജില്ലയിലെ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും ആർക്കും എന്തു കുറ്റകൃത്യങ്ങളും ചെയ്യാൻ സാധിക്കുമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ടി.എൻ പ്രതാപൻ എം.പി അഭിപ്രായപ്പെട്ടു. ജില്ലയിൽ ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് മദ്യ അധോലോക മാഫിയകളുടേയും വിളയാട്ടം കണ്ടില്ലെന്ന് നടിക്കുന്നത് സംസ്ഥാന പൊലീസ് വകുപ്പിന്റെ പരാജയമാണെന്ന് എം.പി ചൂണ്ടിക്കാട്ടി.

മുഖ്യപ്രതി പൊലീസ് : എ. നാഗേഷ്

അന്തിക്കാട് പെരിങ്ങോട്ടുകര മേഖലകളിൽ സി.പി.എം കഞ്ചാവ് മാഫിയ കൂട്ടുക്കെട്ടിന് അഴിഞ്ഞാടാൻ ഒത്താശ നൽകിയ പൊലീസാണ് ബി.ജെ.പി പ്രവർത്തകൻ നിധിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പറഞ്ഞു. ഈ മേഖലകളിൽ സി.പി.എം കഞ്ചാവ് ലോബി നടത്തുന്ന ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ ബി.ജെ.പി പൊലീസിന് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അക്രമത്തിന് പിന്നിൽ സി.പി.എമ്മെന്ന് ബി.ജെ.പി

ജില്ലയെ കലാപഭൂമിയാക്കാനുള്ള സി.പി.എം നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് തുടർച്ചയായ കൊലപാതകങ്ങളെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ ആരോപിച്ചു. വടക്കാഞ്ചേരി ലൈഫ് ഫ്‌ളാറ്റ് അഴിമതിയിൽ പ്രതിക്കൂട്ടിലായ മന്ത്രി എ.സി മൊയ്തീനാണ് ഇതിന്റെയെല്ലാം സൂത്രധാരൻ. സംസ്ഥാനത്ത് നിയമ വാഴ്ച തകർന്നെന്ന ബിജെപിയുടെ വാദം ശരിവെക്കുന്നതാണ് നിധിന്റെ കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു.