hightech

തൃശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികൾ ജില്ലയിലെ 1347 സർക്കാർഎയ്ഡഡ് സ്‌കൂളുകളിൽ പൂർത്തിയായി.
ജില്ലയിൽ സർക്കാർ എയ്ഡഡ് വിഭാഗത്തിലെ ഒന്നു മുതൽ 7 വരെ ക്ലാസുകളുള്ള 905ഉം എട്ടു മുതൽ 12 വരെ ക്ലാസുകളുള്ള 442ഉം ഉൾപ്പെടെ മൊത്തം 1347 സ്‌കൂളുകളിലാണ് ഹൈടെക് വിന്യാസം പൂർത്തിയായത്. 1107 സ്‌കൂളുകളിൽ ഹൈസ്‌പീഡ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി. പദ്ധതിക്കായി ജില്ലയിൽ കിഫ്ബിയിൽ നിന്നും 50.56 കോടിയും പ്രാദേശിക തലത്തിൽ 11.40 കോടിയും ഉൾപ്പെടെ 61.96 കോടി രൂപ ചെലവായിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു.

ആധുനിക സജ്ജീകരണങ്ങൾ

ലാപ്‌ടോപ്പ് - 10178

മൾട്ടിമീഡിയ പ്രൊജക്ടർ - 5875

യുഎസ്ബി സ്പീക്കർ- 8505

മൗണ്ടിംഗ് ആക്‌സസറീസ് - 3669

സ്‌ക്രീൻ - 2228

ഡി.എസ്.എൽ.ആർ ക്യാമറ - 406

മൾട്ടിഫംഗ്ഷൻ പ്രിന്റർ - 442

എച്ച്.ഡി വെബ്ക്യാം - 442

43 ഇഞ്ചിന്റെ ടെലിവിഷൻ - 442

എരുമപ്പെട്ടിയിൽ 300 ഉപകരണങ്ങൾ
ജില്ലയിൽ ഹൈടെക് പദ്ധതികളിൽ കൈറ്റ് ഏറ്റവും കൂടുതൽ ഐടി ഉപകരണങ്ങൾ വിന്യസിച്ചത് എരുമപ്പെട്ടി ഗവ.എച്ച്. എസ്.എസിലാണ്. 300 ഉപകരണങ്ങളാണ് ഇവിടേയ്ക്ക് കൈമാറിയത്. സെന്റ് ജോസഫ്‌സ് എച്ച്എസ് മതിലകം (244), എസ്.എസ്.എം.വി.എച്ച്.എസ്.എസ് എടക്കഴിയൂർ (223) എന്നിവയാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്.