
തൃശൂർ: കഞ്ചാവ് കേസ് പ്രതി തിരുവനന്തപുരം സ്വദേശി ഷെമീർ മരിച്ച സംഭവത്തിൽ ജയിൽ ജീവനക്കാർക്കെതിരെ കേസെടുത്തു. സംഭവദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാലു പേർക്കെതിരെയാണ് കേസെടുത്തത്. തൃശൂർ എ.സി.പി വി.കെ രാജുവിനാണ് അന്വേഷണ ചുമതല.
ഷെമീറിനെ മർദ്ദിക്കുന്നതു കണ്ടുവെന്ന് അവിടെത്തന്നെ റിമാൻഡിൽ കഴിഞ്ഞിരുന്ന ഭാര്യ മൊഴി നൽകിയിരുന്നു.
ബന്ധുക്കൾ ഡി.ജി.പിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. ഇതേത്തുടർന്ന് അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ, ജയിലധികൃതർ എന്നിവരിൽ നിന്ന് മൊഴിയെടുത്തിരുന്നു. ബുധനാഴ്ച പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചാൽ തുടരന്വേഷണം ആരംഭിക്കുമെന്ന് വി.കെ രാജു പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിലിരിക്കെ മരിച്ച ഷെമീറിന് ക്രൂരമർദ്ദനം ഏറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വാരിയെല്ലുകൾ തകർന്നു, മുറിവുകൾ, തലയ്ക്കേറ്റ ക്ഷതം എന്നിവയും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പത്ത് കിലോ കഞ്ചാവുമായി ഷെമീറും ഭാര്യയും മറ്റു രണ്ടു പേരും ശക്തൻ സ്റ്റാൻഡിൽ വച്ചാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
റിമാൻഡിലിരിക്കെ അപസ്മാരം അനുഭവപ്പെട്ട ഷെമീറിനെ ആദ്യം ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഇതിനായി പോകുന്നതിനിടെ ഷെമീർ രക്ഷപ്പെടാൻ ശ്രമിച്ചതായി പറയുന്നു. പിടികൂടി ജയിൽ ജീപ്പിൽ കയറ്റി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്നതിനു മുൻപ് റിമാൻഡ് തടവുകാരെ പാർപ്പിക്കുന്ന അമ്പിളികല കൊവിഡ് കെയർ സെന്ററിൽ എത്തിച്ചു. ഇവിടെ വച്ച് മർദ്ദനമേറ്റെന്നാണ് സൂചന.