
അന്തിക്കാട് : മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം ബി.ജെ.പി പ്രവർത്തകനായ യുവാവിനെ പട്ടാപ്പകൽ കാറിൽ നിന്ന് വലിച്ചിറക്കി വെട്ടിക്കൊന്നു. മുറ്റിച്ചൂർ സ്വദേശി കൂട്ടാല ഉദയന്റെ മകൻ നിധിൻ എന്ന അപ്പുവാണ് (28) മരിച്ചത്. മാങ്ങാട്ടുകര വട്ടുകുളം ക്ഷേത്രത്തിന് മുന്നിൽ ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. സി.പി.എം പ്രവർത്തകനായ ആദർശിനെ കൊലപ്പെടുത്തിയ കേസിൽ എട്ടാം പ്രതിയാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് അന്തിക്കാട് പഞ്ചായത്തിൽ ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു.
മുറ്റിച്ചൂർ ഭാഗത്തു നിന്ന് നിധിൻ വന്ന കാറിൽ അക്രമി സംഘം തങ്ങളുടെ കാർ ഇടിപ്പിച്ച ശേഷം വലിച്ചിറക്കി വെട്ടുകയായിരുന്നു. പത്തിലേറെ വെട്ടുകളേറ്റ് പതിനഞ്ച് മിനിറ്റോളം റോഡിൽ കിടന്ന യുവാവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. തൃശൂർ മെഡിക്കൽ കോളേജിലെത്തും മുമ്പേ മരിച്ചു.
ആദർശ് വധക്കേസിൽ നിധിൻ ഉൾപ്പെടെ മൂന്നു പേർക്ക് ഈയിടെ ജാമ്യം ലഭിച്ചിരുന്നു. പൊലീസ് സ്‌റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയായിരുന്നു ആക്രമണം. കൃത്യം നടത്തിയ ശേഷം വന്ന കാറിൽ രക്ഷപ്പെടാൻ അക്രമി സംഘം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ സമയം അതുവഴി വന്ന പുത്തൻപീടികയിലെ കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനം തടഞ്ഞ് വാഹന ഉടമയുടെ കഴുത്തിൽ വാളുവച്ച് ഭീഷണിപ്പെടുത്തി ആ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. നിധിന്റെ അമ്മ : വിജയ. ഭാര്യ: പ്രബിത. സഹോദരങ്ങൾ : നിധീഷ്, നിജിൽ, നിമേഷ്, നിർമ്മൽ
നിധിൻ അന്തിക്കാട് പൊലീസ് സ്‌റ്റേഷനിലെ വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സഹോദരന്മാരായ നിജിലും നിമേഷും ആദർശ് വധക്കേസിലെ പ്രതികളാണ്.
2020 ജൂലായ് രണ്ടിനാണ് പെരിങ്ങോട്ടുകരയിൽ താന്ന്യം കുറ്റിക്കാട്ട് വീട്ടിൽ ആദർശിനെ വീടിനു സമീപം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ പൊലീസ് പിടികൂടിയിരുന്നു.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വർഗ്ഗീസ്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഗോപാലകൃഷ്ണൻ, അന്തിക്കാട് എസ്.എച്ച്.ഒ പ്രശാന്ത് ക്ലിന്റ്, എസ്.ഐ സുശാന്ത്, ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. തൃശൂരിൽ നിന്ന് വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.