
തൃശൂർ: നിർമ്മാണം പൂർത്തിയായി എന്ന അവകാശവാദവുമായി ഒരു മാസം മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് തുറന്നു കൊടുത്ത ദിവാൻജിമൂല മേൽപാലം റോഡിൽ ടാറിംഗ് പോലും തുടങ്ങാതെ മുഖ്യമന്ത്രിയെയും ജനങ്ങളെയും ഒരു പോലെ കോർപറേഷൻ ഭരണ നേതൃത്വം കബളിപ്പിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ ദിവാൻജിമൂല മേൽപാലം - അപ്രോച്ച് റോഡിൽ പ്രതിഷേധ സമരം നടത്തി.
കൊവിഡ് മാനദണ്ഡം പാലിച്ച് അഞ്ച് കൗൺസിലർ സമരത്തിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രാജൻ .ജെ പല്ലൻ സമരം ഉദ്ഘാടനം ചെയ്തു. നഗരാസൂത്രണ സമിതി അദ്ധ്യക്ഷ സി.ബി ഗീത അദ്ധ്യക്ഷയായി. കൗൺസിലർമാരായ ഫ്രാൻസിസ് ചാലിശ്ശേരി, ടി.ആർ സന്തോഷ്, ജോർജ് ചാണ്ടി എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. പണി പൂർത്തിയായെന്ന അവകാശവാദവുമായി സെപ്തംബർ 9 നാണ് റോഡ് തുറന്നു കൊടുത്തത്. ടാറിംഗ് പൂർത്തിയായെന്ന രീതിയിൽ ചിത്രം സഹിതം ക്ഷണക്കത്തും അച്ചടിച്ചിരുന്നു. ഒരു മാസം പിന്നിട്ടിട്ടും ടാറിംഗ് പോലും തുടങ്ങാനായിട്ടില്ല. പൊടിപടലം കൊണ്ട് പൊറുതി മുട്ടി പ്രദേശത്തെ ജനങ്ങളും, വാഹനയാത്രികരും, വ്യാപാരികളും ദുരിതമനുഭവിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു.