പുതുക്കാട്: ഉഴിഞ്ഞാൽ പാടത്ത് യുവകർഷകൻ മനോജ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഷോക്കേറ്റ സ്ഥലം സന്ദർശിക്കും. ശ്വാസകോശത്തിൽ ചെളിവെള്ളത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് സ്ഥലം സന്ദർശിക്കുന്നത്.
ഷോക്കേൽക്കാനും തെറിച്ചു വീഴാനുമുള്ള സാഹചര്യം ബോദ്ധ്യപ്പെട്ട് മരണകാരണത്തിൽ വ്യക്തത വരുത്താനാണ് ഫോറൻസിക് സർജൻ സ്ഥലം സന്ദർശിക്കുന്നത്. ഇതിനിടെ അപകടത്തിന് ഇടയാക്കിയ താഴ്ന്നു കിടക്കുന്ന വൈദ്യുത കമ്പികൾ തത്‌സ്ഥിതിയിൽ നിന്ന് മാറ്റരുതെന്ന് പൊലീസ് കെ.എസ്.ഇ.ബി അധികൃതരോട് നിർദേശിച്ചു.
മനോജിന്റെ മരണശേഷം താഴ്ന്ന് കിടക്കുന്ന വൈദ്യുതി കമ്പികൾ ഉയർത്തി കെട്ടാൻ കെ.എസ്.ഇ.ബി അധികൃതർ ശ്രമിച്ചിരുന്നു. തെളിവു നശിപ്പിക്കാനുള്ള ഉദേശത്തോടെയുള്ള ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാർ അന്നേ തടഞ്ഞിരുന്നു.