ചാലക്കുടി: കൊവിഡ് മഹാമാരി കൊരട്ടി പള്ളിക്ക് തിരുനാൾ ഇനത്തിൽ മാത്രം നഷ്ടമാക്കിയത് 1.30 കോടിയോളം രൂപ. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളുടെ മുൻനിര സ്ഥാനമുള്ള ഇവിടെ മൂന്നാഴ്ച നീളുന്ന തിരുനാളിൽ പതിനായിരങ്ങൾ പങ്കെടുത്തു മടങ്ങുമ്പോൾ അതു സാമ്പത്തികമായി വൻ നേട്ടവും കൂടിയാകുമായിരുന്നു.
കഴിഞ്ഞ വർഷത്തെ വരവ് 1.90 കോടി രൂപയും ചെലവ് 65 ലക്ഷവുമായിരുന്നു. പൂവൻകുല വഴിപാടിന് മാത്രം 1.25 ലക്ഷം കിലോ കായകളാണ് ആവശ്യം. ഒരു പൂവൻകായ വിഴിപാടിന് 10 രൂപ നിരക്കിലും ശീട്ടാക്കും. 50 ലക്ഷത്തോളം രൂപയാണ് ഈയിനത്തിൽ ലഭിക്കാറുള്ളത്. തുലാഭാരം വകയിൽ 20 ലക്ഷവും മറ്റു നേർച്ചകൾക്ക് 67 ലക്ഷവും ലഭിയ്ക്കുമായിരുന്നു. കച്ചവടങ്ങൾക്കായി സ്ഥലം ലേലം ചെയ്ത് 25 ലക്ഷം രൂപയിൽ കൂടുതലും കിട്ടാറുണ്ട്.
മറ്റുനിരവധി വഴിപാടുകളും വിശ്വാസികൾ നടത്താറുണ്ട്. തിരുനാളുകളുടെ ആരംഭത്തിൽ തന്നെ കൊരട്ടി തിരുനാൾ നടക്കുന്നതിനാൽ കൊവിഡിന്റെ താണ്ഡവം കഴിഞ്ഞ തവണത്തെ ആഘോഷങ്ങൾക്ക് തടസമായില്ല. പ്രളയമുണ്ടായ 2018ലും കൊരട്ടിയിൽ പൊലിമ കുറച്ചുള്ള ആഘോഷങ്ങൾ നടന്നിരുന്നു.