
അന്തിക്കാട് : ബി.ജെ.പി പ്രവർത്തകൻ നിധിന്റെ കൊലപാതകത്തിൽ ഒരാൾ പിടിയിൽ. മുറ്റിച്ചൂർ സ്വദേശി പള്ളിയിൽ സദാനന്ദൻ മകൻ സനലാണ് (22) പിടിയിലായത്. സംഘത്തിലെ മറ്റ് നാലു പേർക്കായി തെരച്ചിൽ തുടരുന്നു. കൊലപാതകം നടന്നയുടനെ പൊലീസ് വ്യാപകമായി തെരച്ചിൽ ആരംഭിച്ചു. മറ്റു പ്രതികൾ ഉടൻ വലയിലാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അന്തിക്കാട് ബി.ജെ.പി ഹർത്താൽ
അന്തിക്കാട് : ബി.ജെ.പി പ്രവർത്തകനായ നിധിനെ സി.പി.എം പ്രവർത്തകർ കൊല ചെയ്തതിൽ പ്രതിഷേധിച്ച് അന്തിക്കാട് പഞ്ചായത്തിൽ ഇന്ന് ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അത്യാവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താലെന്ന് ബി.ജെ.പി പ്രസിഡന്റ് മണിക്കണ്ഠൻ അറിയിച്ചു.
ബി.ജെ.പി നേതാക്കൾ ആദരാഞ്ജലി അർപ്പിച്ചു
തൃശൂർ: അന്തിക്കാട് വെട്ടേറ്റു മരിച്ച ബി.ജെ.പി പ്രവർത്തകൻ നിധിൻ്റെ മൃതശരീരം മോർച്ചറിയിൽ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി, സംഘടനാ സെക്രട്ടറി എം. ഗണേഷ്, ജനറൽ സെക്രട്ടറി പി. സുധീർ, ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്ട് എന്നിവർ മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തി.