crime-

തൃശൂർ: രാഷ്ട്രീയസംഘർഷമെന്നോ ഗുണ്ടാകുടിപ്പകയെന്നോ കാരണങ്ങൾ ചൂണ്ടിക്കാട്ടാനാവാത്ത വിധം ഒരു വശത്ത് കൊലപാതകം തുടരുമ്പോൾ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ച് ജീവച്ഛവമാക്കുന്നുവെന്ന പരാതിയും വ്യാപകം.
രാഷ്ട്രീയസംഘർഷങ്ങൾക്ക് പിന്നിൽ ഗുണ്ടാബന്ധവും നിഴലിക്കുമ്പോൾ, ക്രിമിനലുകളെ ഒപ്പം കൂട്ടി രാഷ്ട്രീയനേതൃത്വം സംരക്ഷണം നൽകുമ്പോൾ ഭീതിയിലാവുന്നത് ജനങ്ങളാണ്. ഓരോ കൊലപാതകങ്ങളിലും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും മുറുകുകയാണ്.
ഒരാഴ്ചയ്ക്കിടെ 7 കൊലപാതകങ്ങളായിരുന്നു ജില്ലയിൽ നടന്നത്. ഒറ്റപ്പെട്ട അക്രമങ്ങളേക്കാളേറെ സംഘം ചേർന്നുള്ളവയാണ് കൂടുതൽ. കഞ്ചാവ് കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീറിനെ ജയിൽ അധികൃതർ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതും ഇതിൽ ഉൾപ്പെടുന്നു. സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കഴിഞ്ഞ നാലിന് രാത്രി ചിറ്റിലങ്ങാട്ട് വെട്ടിക്കൊലപ്പെടുത്തിയതോടെയാണ് അക്രമപരമ്പര തുടങ്ങുന്നത്. രാഷ്ട്രീയ കൊലപാതകമെന്ന് ഉടനെ തന്നെ സി.പി.എം ആരോപിച്ചപ്പോൾ, വ്യക്തിപരമായ തർക്കത്തെ തുടർന്നുണ്ടായ കൊലപാതകമെന്നാണ് പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയത്. കുരിയച്ചിറയിൽ സുഹൃത്തിന്റെ കുത്തേറ്റ വനിതാ ഡോക്ടർ മൂവാറ്റുപുഴ സ്വദേശിനി സോന, എളനാട് പോക്‌സോ കേസ് പ്രതി തിരുമണി സതീഷിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തിയതുമെല്ലാം തുടർന്നുണ്ടായി.
കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പൊരി ബസാറിൽ വാടകവീട്ടിൽ അഴീക്കോട് കൊട്ടിക്കൽ നടുമുറി രാജേഷ് (44) മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രഭാത നടത്തത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഒല്ലൂർ ക്രിസ്റ്റഫർ നഗർ വെളപ്പാടി ശശി (60) യുടെ മരണവും ജില്ലയെ ഞെട്ടിച്ചു. ജയിൽ അധികൃതരുടെ കസ്റ്റഡിയിൽ പ്രതി തിരുവനന്തപുരം സ്വദേശി ഷെമീർ മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ശനിയാഴ്ച അന്തിക്കാട് മാങ്ങാട്ടുകരയിൽ കൊലക്കേസ് പ്രതിയും ബി.ജെ.പി പ്രവർത്തകനുമായ നിധിലിനെ നാലുപേർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയതോടെ പൊലീസിന്റെ പ്രതിരോധം ഫലിക്കുന്നില്ലെന്നത് വ്യക്തമായി.

കൊവിഡിനേക്കാൾ മാരകം

പ്രതിദിനം ആയിരത്തിലേറെപ്പേർക്ക് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കൊലപാതകങ്ങളും ആക്രമങ്ങളും കൂടുന്നത്. ജനുവരി മുതൽ കഴിഞ്ഞ ദിവസം വരെ ജില്ലയിൽ നടന്നത് കസ്റ്റഡി മരണം ഉൾപ്പടെ 23 കൊലപാതകങ്ങളാണ്. സിറ്റി പൊലീസ് പരിധിയിൽ 11, റൂറൽ പൊലീസിന് കീഴിൽ 12 എന്നിങ്ങനെയാണ് കൊലപാതകക്കണക്ക്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസ് സജീവമായതോടെ ഗുണ്ടാസംഘം തലപൊക്കുകയായിരുന്നുവെന്നാണ് അക്രമങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, കൊവിഡ് വ്യാപനം ഭയന്ന് പൊലീസ് പ്രതിരോധത്തിലായെന്നും ആരോപണമുണ്ട്.

അമ്പിളിക്കലയിലെ ചോരപ്പാടുകൾ

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പാർപ്പിച്ചതോടെ ശ്രദ്ധാകേന്ദ്രമായ അമ്പിളിക്കലയിൽ നിന്ന് പൊലീസിനെതിരെ പുറത്തുവരുന്ന പരാതികളേറെ. തിരുവനന്തപുരം സ്വദേശി ഷെമീറിന്റെ മരണത്തിന് പിന്നാലെ ഈ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ രണ്ടു പേർക്ക് കൂടി മർദ്ദനമേറ്റതായി ഇന്നലെ പരാതി ഉയർന്നു. ഇതോടെ രണ്ടു കേസുകൾ കൂടി ജയിൽ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്തു.