
തൃശൂർ: ജയിൽ വകുപ്പിന്റെ തൃശൂരിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ രണ്ട് പേർക്ക് കൂടി മർദ്ദനമേറ്റതായി പരാതി. മോഷണക്കേസിലെ പ്രതികളുടെ പരാതിയിൽ രണ്ട് കേസുകൾ കൂടി ജയിൽ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്തു.
17കാരൻ അടക്കം രണ്ടുപേരെയാണ് മർദ്ദിച്ചതെന്ന് പറയുന്നു. തൃശൂർ മിഷൻ ക്വാർട്ടേഴ്‌സിലെ അമ്പിളിക്കല സ്വകാര്യ ഹോസ്റ്റലാണ് ജയിൽ വകുപ്പ് ഏറ്റെടുത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രമാക്കിയത്. അറസ്റ്റിലാകുന്ന പ്രതികളെ ആദ്യം താമസിപ്പിക്കുന്നത് ഇവിടെയാണ്.
കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കിയാൽ മാത്രമേ ജയിലിലേക്ക് മാറ്റൂ. ഇങ്ങനെ, റിമാൻഡിലായ പ്രതികൾക്ക് ക്രൂര മർദ്ദനമേറ്റെന്നാണ് പരാതി. ആളൂർ, കൊടുങ്ങല്ലൂർ സ്‌റ്റേഷനുകളിൽ മോഷണക്കുറ്റത്തിന് അറസ്റ്റിലായ രണ്ട് പ്രതികൾക്കും ക്രൂരമായ മർദ്ദനമേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
കഞ്ചാവ് കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി ഷെമീർ ജയിൽ കസ്റ്റഡിയിൽ മർദ്ദനമേറ്റ് മരിച്ചതോടെയാണ് കൂടുതൽ പരാതികൾ പുറത്തുവന്നത്. ഷെമീറിനൊപ്പം അറസ്റ്റിലായ രണ്ടു പ്രതികൾക്കും മർദ്ദനമേറ്റിരുന്നു. ഇവരുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. ഷെമീറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവന്നതോടെയാണ് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെ അക്രമം വെളിച്ചത്തായത്.
ഇത് സംബന്ധിച്ചു എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നു വരികയാണ്. എന്നാൽ പ്രതി മരിച്ച സംഭവത്തിൽ ജയിൽ ജീവനക്കാരെ പ്രതി ചേർത്തിട്ടില്ലെന്നു ജയിൽ മേധാവി ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു. അതേസമയം ഷെമീർ മരിച്ച സംഭവത്തിൽ നാലു ജയിൽ ഉദ്യോഗസ്ഥരെ പ്രതികളാക്കി ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. നാലു പേരെ വിവിധ ജയിലുകളിലേക്ക് സ്ഥലം മാറ്റി.