 
കയ്പമംഗലം: പെരിഞ്ഞനോർജ്ജം സോളാർ വൈദ്യൂത പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. എൽ.ഇ.ഡി ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം 13 ന് രാവിലെ 11 ന് പെരിഞ്ഞനം ഗവ. യു.പി. സ്‌കൂളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്തിന്റെ അദ്ധ്യക്ഷതയിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.
മുൻ കെ.എസ്.ഇ.ബി ചെയർമാൻ ടി.എൻ മനോഹരൻ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം.ഡി നന്ദകുമാർ എന്നിവർ മുഖ്യാതിഥികളാവും. പെരിഞ്ഞനോർജ്ജം സോളാർ വൈദ്യുത പദ്ധതിയുടെ ഭാഗമായി പെരിഞ്ഞനം ഗവ. യു.പി സ്‌കൂൾ ഹാളിന്റെ മേൽക്കൂരയിൽ സൗജന്യമായി സ്ഥാപിച്ച 9.5 കിലോവാട്ട് സോളാർ വൈദ്യുത പ്ലാന്റിൽ നിന്നും പ്രസരിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പഞ്ചായത്തിലെ 750 എൽ.ഇ.ഡി തെരുവു വിളക്കുകൾ പ്രകാശിപ്പിക്കുന്ന എൽ.ഇ.ഡി ഗ്രാമം പദ്ധതിയാണ് രണ്ടാം ഘട്ടത്തിൽ പൂർത്തീകരിച്ചത്.
ഇതിനായി തെരുവുകളിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. പാപ്പിനിവട്ടം ബാങ്കിന്റെ കീഴിലുള്ള ഊർജ്ജമിത്ര എന്ന സ്ഥാപനമാണ് എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചത്. മണപ്പുറം ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ അഞ്ച് ലക്ഷം രൂപ സി.എസ്.ആർ ഫണ്ടും 4 ലക്ഷം രൂപ പഞ്ചായത്ത് തനതു ഫണ്ടുമടക്കം ആകെ 9 ലക്ഷം രൂപയാണ് തെരുവു വിളക്ക് പദ്ധതിക്കായി വകയിരുത്തിയത്. പഞ്ചായത്തിലെ ഭൂരിഭാഗം തെരുവു വിളക്കുകളും പ്രകാശിപ്പിക്കാനാവശ്യമായ വൈദ്യുതി, നിലവിൽ പഞ്ചായത്ത് സ്വന്തമായി ഉൽപാദിപ്പിക്കുന്നുണ്ട്. എൽ.ഇ.ഡി ഗ്രാമം പദ്ധതിയിലൂടെ തെരുവു വിളക്കുകൾക്കായി ചെലവഴിച്ചിരുന്ന ഭാരിച്ച വൈദ്യുത ചാർജ്ജ് ഇല്ലാതാക്കുന്നതിനും ഊർജ്ജരംഗത്ത് സ്വയംപര്യാപ്തമായ ഒരു ഗ്രാമത്തെ സൃഷ്ടിക്കാനും ഇതോടെ കഴിയും. പ്രതിമാസം 90,000 രൂപ വരെയാണ് തെരുവു വിളക്കുകൾക്കായി കെ.എസ്.ഇ.ബിയിൽ വൈദ്യുത ചാർജ്ജ് ഇനത്തിൽ പഞ്ചായത്ത് അടവാക്കിയിരുന്നത്. ഒന്നാം ഘട്ടത്തിലെ 500 കിലോവാട്ടിൽ നിന്ന് പുരപ്പുറ സോളാർ വൈദ്യുത പദ്ധതിയിലൂടെ 700 കിലോവാട്ടായി വർദ്ധിപ്പിക്കാൻ ചുരുങ്ങിയ കാലയളവിൽ പഞ്ചായത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടമാണ്.