veena

ചേർപ്പ് : നാല് അടി വലുപ്പം വരുന്ന പ്ലാവിൽ തീർത്ത വീണ സ്വന്തമായി നിർമ്മിച്ച ആത്മ നിർവൃതിയിലാണ് ചേർപ്പ് പാറേക്കോവിൽ പടിഞ്ഞാറെ പുരയ്ക്കൽ അനിയൻ. മൂന്ന് വർഷത്തെ പ്രയത്നം ഈ ലോക്ഡൗൺ കാലത്താണ് പൂർത്തീകരിച്ചത്. 12 വർഷമായി ഫർണീച്ചർ, ശില്പ നിർമ്മാണ കലാ സംഗീതരംഗത്ത് തുടരുന്ന അനിയൻ മനസിൽ രൂപപ്പെടുത്തിയ അളവുകളും, മാതൃകയും കൊണ്ടാണ് വീണ രൂപപ്പെടുത്തിയത്. മൂന്ന് ഭാഗമായി രൂപകല്പന ചെയ്ത വീണയുടെ കുടം ഒരുക്കാനാണ് കൂടുതൽ പ്രയത്നം വേണ്ടിവന്നതെന്ന് അനിയൻ പറഞ്ഞു. നിർമ്മാണ പ്രവൃത്തികൾക്ക് ആവശ്യമായ ആയുധ ഉപകരണങ്ങളുടെ അപര്യാപ്തതയും നിർമ്മാണത്തെ വലച്ചു. കൃത്യമായ കണക്കോ അറിവോ ഇല്ലാതെയാണ് അനിയൻ ഉളി ഉപയോഗിച്ച് ചെത്തിമിനുക്കി വീണ നിർമിച്ചത്. പലരിൽ നിന്നും അറിയാത്ത കാര്യങ്ങൾ ചോദിച്ചറിഞ്ഞാണ് തന്ത്രികൾ ഉൾപ്പെടെ സജ്ജീകരിച്ചത്. സംഗീതത്തിലുള്ള അടിസ്ഥാന അറിവും ഗുണം ചെയ്തു.

വീണയുടെ മുകൾഭാഗത്തെ വ്യാളികളും, തന്ത്രികൾ മീട്ടാനുള്ള മേളം കെട്ടലും വളരെ സൂക്ഷ്മതയോടെയാണ് തയ്യാറാക്കിയത്. തച്ച് കാശുൾപ്പെടെ ലക്ഷം രൂപയോളം ചെലവായി. ഭാരം കുറയ്ക്കാൻ ചെറിയ കുടങ്ങൾ ഫൈബർ കൊണ്ടാണ് നിർമ്മിച്ചത്. പിച്ചളത്തകിട് അലങ്കാരപ്പണിക്കായി ഉപയോഗിച്ചു.

കേരളത്തിൽ വീണ നിർമ്മാണ പ്രവൃത്തികൾ ചെയ്യുന്നവർ വിരളമാണെങ്കിലും തമിഴ്‌നാട്ടിൽ നിന്നാണ് വീണയുടെ ഇറക്കുമതിയെന്ന് അനിയൻ പറഞ്ഞു. സംഗീതത്തോട് അഭിരുചിയുള്ള അനിയൻ ശ്രുതി സ്വരങ്ങൾ ചിട്ടപ്പെടുത്തി വീണവാദനം നടത്തുന്നതും വ്യത്യസ്ത കാഴ്ചയാണ്. ചെറിയമരങ്ങളിൽ ഉള്ളം കൈകളിൽ കടുക് വലുപ്പത്തിൽ തുടങ്ങി വലിയ രൂപത്തിൽ വരെ ആനക്കുട്ടികൾ, അനന്തശയനം, ശ്രീകൃഷ്ണൻ, ക്രിസ്തുവിന്റെ അവസാന അത്താഴം എന്നിവ രൂപകല്പന ചെയ്ത് ശ്രദ്ധേയനാണ് അനിയൻ. അനിയന്റെ കലാമികവിനെ ഗീതാ ഗോപി എം.എൽ.എ വീട്ടിലെത്തി ആദരിച്ചു. എന്നാൽ വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോകുന്ന കലാകാര പട്ടികയിൽപ്പെടുന്നതും അനിയനെ ദു:ഖത്തിലാഴ്ത്തുന്നു. കൊവിഡ് ലോക്ഡൗൺ കാലത്ത് ഫർണീച്ചർ പണി കുറഞ്ഞതോടെ ഇത്തരം കരകൗശല സംഗീത ഉപകരണം നിർമ്മിച്ച് ജീവിത ഉപാധി തേടുകയാണ് അനിയെന്ന നാട്ടിൻപുറത്തെ കലാകാരൻ.