jail

തൃശൂർ: കഞ്ചാവ് കേസിലെ പ്രതി മരിച്ച സംഭവത്തിൽ ആരോപണ വിധേയരായ നാല് ജയിൽ ജീവനക്കാരെ ജില്ലാ ജയിലിൽ നിന്ന് സ്ഥലം മാറ്റി. പോസ്റ്റ്‌‌മോർട്ടം റിപ്പോർട്ട്‌ ലഭിച്ചാൽ മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കാൻ സാധിക്കൂവെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ ജയിൽ വകുപ്പ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം ജയിൽ ഡി.ഐ.ജി വിനോദ് കുമാർ ആരോപണ വിധേയരിൽ നിന്ന് മൊഴിയെടുത്തു. ഷെമീറിന് മർദ്ദനം ഏറ്റുവെന്ന് പറയുന്ന അമ്പിളി കല കൊവിഡ് കെയർ സെന്ററിലും ഡി.ഐ.ജി സന്ദർശിച്ചു മൊഴിയെടുത്തു. തുടർന്ന് പ്രാഥമിക റിപ്പോർട്ട്‌ ജയിൽ ഡി.ജി.പിക്ക്‌ കൈമാറി.

ആശുപത്രിയിൽ മൽപ്പിടുത്തം നടന്നെന്ന് മൊഴി

ലഹരിക്ക് അടിമയായ ഇയാൾ അത് കിട്ടാതായപ്പോൾ പരാക്രമം കാണിച്ചെന്ന് ജീവനക്കാരുടെ മൊഴി. തുടർന്ന് ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ വെച്ച് ഇൻജക്ഷൻ ചെയ്യുന്നതിനായി വിലങ്ങു അഴിച്ചപ്പോൾ ഇയാൾ അക്രമാസക്തനായി മാറിയെന്നാണ് മൊഴി. ഇതിനിടയിൽ ജയിൽ ജീവനക്കാരനെ അടിക്കാൻ ശ്രമിച്ചതായും പറയുന്നു. ഇതിനിടെ ഇയാൾ നിലത്തു വീണതായും ജീവനക്കാരുടെ മൊഴിയിൽ പറയുന്നു. ഒടുവിൽ ആശുപത്രി സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ ബലം പ്രയോഗിച്ച് ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

രണ്ടു ഇൻജക്ഷൻ നൽകിയതായും പറയുന്നു. ആശുപത്രി അധികൃതർ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. അവിടെ ന്യൂറോ, സൈക്യാട്രി വിഭാഗങ്ങളിൽ കാണിക്കണം എന്ന് നിർദ്ദേശിച്ചു. ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ നടത്തിയാണ് കൊണ്ടുവന്നതെന്നും എന്നാൽ തിരിച്ചു കൊണ്ടുപോകുമ്പോൾ വാഹനത്തിലേക്ക് വീൽച്ചെയറിലാണ് കൊണ്ടുപോയതെന്നും പറയുന്നു. ആശുപത്രിയിൽ ഉണ്ടായ വീഴ്ചയിൽ സംഭവിച്ച പരിക്ക് മരണകാരണം ആയോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

അമ്പിളിക്കലയിലേക്ക് കൊണ്ടുപോയത് ദുരൂഹത

ജില്ലാ ആശുപത്രി അധികൃതർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ പറഞ്ഞ ഷെമീറിനെ അമ്പിളിക്കലയിലേക്ക് കൊണ്ടുപോയതെന്തിനെന്ന ചോദ്യത്തിന് ജീവനക്കാർ കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. അവിടെവെച്ച് ഇയാൾ കൂടുതൽ അവശനായതോടെയാണ് പൊലീസ് സഹായത്തോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. തുടർന്ന് പുലർച്ചെ ഷെമീർ മരണമടയുകയായിരുന്നു. അമ്പിളിക്കലയിൽ വെച്ചാണ് ഷെമീറിന് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നതെന്നാണ് ബന്ധുക്കളുടെ മൊഴി. ഇവിടെ വെച്ച് ഷെമീറിനെ മർദ്ദിക്കുന്നതായി ഭാര്യ മൊഴി നൽകി. ഷെമീറിന് ഒപ്പം ഭാര്യയെയും കഞ്ചാവ് കേസിൽ പിടികൂടിയിരുന്നു.

ദേഹപരിശോധന നടത്തിയില്ലെന്ന് സൂചന

ഷെമീർ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ ദേഹപരിശോധന നടത്താതെയാണ് കോടതിയിൽ ഹാജരാക്കി ജയിൽ അധികൃതർക്ക്‌ കൈമാറിയതെന്ന ആരോപണം ഉയരുന്നുണ്ട്.

തങ്ങൾക്ക് കിട്ടുമ്പോൾ നെറ്റിയിൽ മുറിവ്

പൊലീസ് പ്രതിയായ ഷെമീറിനെ തങ്ങൾക്ക് കൈമാറുമ്പോൾ ഇയാളുടെ നെറ്റിയിൽ മുറിവ് ഉണ്ടായിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. ഇത് എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമല്ലെന്ന് അവർ പറഞ്ഞു.

അന്വേഷണം തുടങ്ങി

തൃശൂർ എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ ലഭിച്ചാൽ കൂടുതൽ നടപടികളിലേക്ക് കടക്കും.