പുതുക്കാട്: ഉഴിഞ്ഞാൽ പാടത്ത് ഷോക്കേറ്റ് മരിച്ച യുവകർഷകൻ മനോജിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് ലഭിക്കും. പൊലീസ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാനായി കാത്തിരിക്കുകയാണ്. റിപ്പോർട്ട് ലഭിക്കുന്നതോടെ അറസ്റ്റ് നടന്നേക്കുമെന്നാണ് കരുതുന്നത്.

മനഃപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം മനോജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ തൃശുർ മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ രഹനാസ്, ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഷിജു എന്നിവർ ഷോക്കേറ്റ് മരണം സംഭവിച്ച ഉഴിഞ്ഞാൽ പാടത്തെത്തി.

മനോജിന്റെ ശ്വാസകോശത്തിൽ പാടത്തെ ചെളിയും വെള്ളവും കണ്ടെത്തിയതിന്റെ കാരണം നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്താനായിരുന്നു ഫൊറൻസിക് വിദഗ്ദ്ധരുടെ സന്ദർശനം. പാടത്തെ വൈദ്യുതി ലൈൻ അപകടകരമായ നിലയിൽ താഴ്ന്ന് കിടക്കുന്നത് ഫൊറൻസിക് സംഘത്തിന് ബോദ്ധ്യപ്പെട്ടു.

ഷോക്കേറ്റ് വീണ മനോജ് അഞ്ചു മിനിട്ടിലേറെ ചെളിയിൽ കിടന്നതായാണ് ഫൊറൻസിക് സർജന്റ നിഗമനം. വിശദമായ റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറുന്നതോടെ നടപടികൾ സ്വീകരിക്കും.

മനോജിന്റെ വീട് മന്ത്രി രവീന്ദ്രനാഥ് സന്ദർശിച്ചു

പുതുക്കാട്: കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥ മൂലം ഷോക്കേറ്റ് മരിച്ച യുവകർഷകൻ മനോജിന്റെ വീട്ടിൽ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സന്ദർശനം നടത്തി. കുടുംബാംഗങ്ങളെ സാന്ത്വനപ്പെടുത്തി. സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായവും സാദ്ധ്യമായ എല്ലാ സഹായങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു.