
അന്തിക്കാട് : മുറ്റിച്ചൂർ നിധിലിനെ വധിച്ച പ്രതികളെപ്പറ്റി വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. കഴിഞ്ഞ ജൂലായ് രണ്ടിന് പെരിങ്ങോട്ടുകരയിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകനായ ആദർശിന്റെ സംഘത്തിൽപെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
ഇരുസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇരു സംഘങ്ങൾ തമ്മിൽ നിരന്തരം സംഘട്ടനം നടന്നിരുന്നു. സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഏറെയും വാഹനമിടിച്ച് വീഴ്ത്തിയാണ് എതിർസംഘത്തിലുള്ളവരെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നത്. ബി.ജെ.പി പ്രവർത്തകനായ നിധിലിനെ വധിച്ചതും ഇതേ രീതിയിലായിരുന്നു.
നിധിലിന്റെ സഹോദരൻ നിജിലിനെ സനൽ ഉൾപ്പെടെയുള്ളവർ വെട്ടിപരിക്കേൽപ്പിച്ചിരുന്നു. തിരിച്ചും പല തവണ ആക്രമണമുണ്ടായി. ഇരുകൂട്ടരുടെയും വീട് തകർക്കുകയും ഒരു വീടിന് നേരെ ബോംബെറും ഉണ്ടായി. കൊല്ലപ്പെട്ട നിധിലിന്റെ എതിർചേരിയിൽപ്പെട്ട സനലിനെ ശനിയാഴ്ച രാത്രി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.
സനലിനെ തിങ്കളാഴ്ച അന്തിക്കാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മറ്റു പ്രതികൾ രക്ഷപ്പെടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. മരണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. അന്തിക്കാട് പഞ്ചായത്തിൽ ഇന്നലെ ഹർത്താൽ നടത്തി. ഹർത്താലിൽ അനിഷ്ടസംഭവങ്ങളുണ്ടായിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകിട്ട് വിലാപയാത്രയായി തൃശൂരിൽ നിന്ന് മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രമീള ദേവി കൊല്ലപ്പെട്ട നിധിലിനെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും ഭാര്യ പ്രബിതയെയും ആശ്വസിപ്പിച്ചു. അന്ത്യോപചാരമർപ്പിക്കാൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ ഉല്ലാസ് ബാബു, കെ.ആർ ഹരി, മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് , പഞ്ചായത്ത് പ്രസിഡന്റ് മണിക്കണ്ഠൻ എന്നിവരെത്തിയിരുന്നു..