അന്തിക്കാട്: നിധിൻ വധത്തിൽ ഗുഢാലോചന നടന്നിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. പ്രമീളാദേവി പറഞ്ഞു. നിധിൻ്റെ വീട് സന്ദർശിച്ച് ഭാര്യ പ്രബിതയെയും അച്ഛനെയും കണ്ട ശേഷം സംസാരിക്കുകയായിരുന്നു അവർ. സി.പി.എമ്മിൻ്റെ കൊലപാതക രാഷ്ട്രീയം തുടർന്നു കൊണ്ടിരിക്കുന്നുവെന്നത് വേദനാജനകമാണ്. ബി.ജെ.പി പ്രവർത്തകൻ എന്നതു മാത്രമല്ല ജീവിതം ആരംഭിച്ചിട്ടുള്ള ഒരു ചെറുപ്പക്കാൻ കൊല ചെയ്യപ്പെട്ടുവെന്നത് മനുഷ്യത്വമുള്ള ആർക്കും സഹിക്കാൻ കഴിയുന്നതല്ലെന്നും പ്രമീള ദേവി പറഞ്ഞു. ചാലക്കുടി മണ്ഡലം പ്രസിഡൻ്റ് സജീവ് പള്ളത്ത്, സെക്രട്ടറി ടി. വി പ്രജിത്ത്, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് മണികണ്ഠൻ പുളിക്കത്തറ, സെക്രട്ടറി വിബിൻ ഭാസ് കൂട്ടാല, യുവമോർച്ച പഞ്ചായത്ത് ജന. സെക്രട്ടറി കർണ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.