sweeper

തൃശൂർ: നഗര ശുചീകരണത്തിനുള്ള ആധുനിക സംവിധാനമായ റോഡ് ശുചീകരണ ട്രക്കിനു തുടക്കമായി. നഗരവീഥികൾ ആധുനികരീതിയിൽ മാലിന്യമുക്തമാക്കാനും ശുചിത്വ നഗരമാക്കി മാറ്റാനും വിദേശരാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ മെട്രോപൊളിറ്റൻ നഗരങ്ങളിലും ഉപയോഗിച്ചുവരുന്ന സാങ്കേതികവിദ്യയാണ് തൃശൂർ കോർപ്പറേഷനിലും ആരംഭിക്കുന്നത്. നഗര ശുചീകരണത്തിന് പ്ലാൻ ഫണ്ടിൽ നിന്നും ചെലവഴിച്ച 75 ലക്ഷം രൂപയ്ക്കാണ് കോയമ്പത്തൂരിലെ റൂട്ട്സ് മൾട്ടി ക്ലീൻ കമ്പനിയുടെ സ്വീപ്പർ ട്രക്ക് കോർപ്പറേഷൻ സ്വന്തമാക്കിയത്. ഞായറാഴ്ച രാവിലെ സ്വരാജ് റൗണ്ടിലും, വടക്കേ ബസ് ഹബ്ബിലും വാഹനം ട്രയൽ റൺ നടത്തി. തിരഞ്ഞെടുത്ത ജീവനക്കാർക്ക് ഒരു മാസം കമ്പനി നേരിട്ട് പ്രത്യേക ശുചീകരണ പരിശീലനം നൽകിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ രാത്രി മാത്രം യന്ത്രം പ്രവർത്തിപ്പിക്കും. ട്രക്കിൽ ഘടിപ്പിച്ച ഓട്ടോമാറ്റിക് ബ്രഷ് സംവിധാനം പൊടിയും മാലിന്യങ്ങളും വലിച്ചെടുക്കും. ഇരുവശത്തും മധ്യത്തിലുമായാണ് ബ്രഷുകൾ. ഏത് ദിശയിലേക്കും ഇത് തിരിക്കാനാകും. 6 ടൺ വരെ മാലിന്യം സംഭരിക്കാനും 4 മണിക്കൂറിൽ 10 കിലോമീറ്റർ വരെയുള്ള പ്രദേശം വൃത്തിയാക്കാനും ഇതിന് ശേഷിയുണ്ട്. ഫ്ലാഗ് ഒഫ്‌ സ്വരാജ് റൗണ്ടിൽ രാഗം തിയേറ്റർ പരിസരത്തുനിന്നും മേയർ അജിത ജയരാജൻ നിർവഹിക്കും.