
തൃശൂർ: ജയിലുകളിൽ രോഗവ്യാപനം നിയന്ത്രിക്കാനായി കൊവിഡ് പരിശോധനാഫലം വരുന്നതുവരെ പ്രതികളെ പാർപ്പിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിൽ വേണ്ടത്ര സുരക്ഷയില്ല. ഇതിനായി ജയിൽ വകുപ്പിൽ മതിയായ ജീവനക്കാരുമില്ല. ജയിലുകളെപ്പോലെ സുരക്ഷിതത്വം ഇല്ലാത്തതുകൊണ്ടു തന്നെ എപ്പോൾ വേണമെങ്കിലും രക്ഷപ്പെടാനുള്ള പഴുതുകളുള്ളതിനാൽ പല 'മുറ'കളും പ്രയോഗിച്ച് പ്രതികളെ വരുതിയിൽ നിറുത്തുകയാണ് നിരീക്ഷണ കേന്ദ്രങ്ങളിലെ ജയിൽ ജീവനക്കാർ. അതുകൊണ്ടുതന്നെയാണ് തൃശൂരിലെ അമ്പിളിക്കല കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് മർദ്ദനമേൽക്കുന്നുവെന്ന പരാതികളും കൂടുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംസ്ഥാനത്തെ ചില കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് പ്രതികൾ രക്ഷപ്പെട്ടതായും പറയുന്നു. ജീവനക്കാരുടെ പരിമിതികൾ ഉന്നത ഉദ്യോഗസ്ഥർ ഗൗനിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ജയിലിന് പുറത്ത് ആശുപത്രിയിലും മറ്റുമുള്ള പ്രതികൾക്ക് എസ്‌കോർട്ട് ഡ്യൂട്ടി പൊലീസിനാണ്. എന്നാൽ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാൽ മാത്രം പ്രതികളെ ജയിലിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന നിർദ്ദേശം വന്നതോടെ നിരീക്ഷണകേന്ദ്രങ്ങളിലെ സുരക്ഷയും ജയിൽ വകുപ്പിനായി.
ജയിൽ വകുപ്പിൽ റിസർവ് ജീവനക്കാരില്ല. ചപ്പാത്തി ബേക്കറി ഉൽപന്ന നിർമ്മാണ യൂണിറ്റുകൾ വന്നപ്പോൾ നിലവിലുള്ള ജീവനക്കാരെയാണ് നിയോഗിച്ചത്. ജയിൽ പെട്രോൾ പമ്പിലേക്കും ജീവനക്കാരെ നിയോഗിച്ചു. പുതിയ നിയമനങ്ങൾ ഉണ്ടായിട്ടുമില്ല. അതേസമയം, പൊലീസിൽ വേണ്ടത്ര ജീവനക്കാരുണ്ടെന്നാണ് പറയുന്നത്.
ഡോക്ടറില്ലാതെ അതിസുരക്ഷാ ജയിൽ
ഭീകരവാദവും രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ട കൊടും കുറ്റവാളികളെ പാർപ്പിക്കാൻ ആധുനിക സുരക്ഷാ സംവിധാനങ്ങളോടെ നിർമ്മിച്ച വിയ്യൂർ അതിസുരക്ഷാ ജയിൽ തുറന്ന് ഒരുവർഷം കഴിഞ്ഞിട്ടും ഡോക്ടറെ നിയോഗിച്ചിട്ടില്ല. രണ്ട് നഴ്‌സുമാരും ഒരു ഫാർമസിസ്റ്റും അടക്കമുള്ള ചികിത്സാമുറി അതിസുരക്ഷാ ജയിലിലുണ്ട്. മുറിവ് കെട്ടുന്നതിനും മരുന്നുകൾ നൽകുന്നതിനുമുള്ള സൗകര്യവുമുണ്ട്. എങ്കിലും തടവുകാർക്ക് അസുഖമുണ്ടായാൽ സെൻട്രൽ ജയിലിലെ ഡോക്ടറെ വിളിക്കണം. അല്ലെങ്കിൽ ഉടൻ മെഡിക്കൽ കോളേജിലെത്തിക്കും. ജയിലുകളിലെ മൊത്തം 600 തടവുകാർക്ക് ഒരു ഡോക്ടർ മാത്രമാണുള്ളത്.
"ജയിൽ വകുപ്പിൽ മതിയായ ജീവനക്കാരെ നിയോഗിക്കാതെയും കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിൽ വേണ്ടത്ര സുരക്ഷ ഒരുക്കാതെയുമിരുന്നാൽ കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്ന് കൂടുതൽ പരാതികൾ ഉയരാൻ ഇടയാകും.
ഉന്നത ഉദ്യോഗസ്ഥൻ.