തൃശൂർ: സ്വപ്ന സുരേഷുമായുള്ള ബന്ധത്തെ സംബന്ധിച്ച് നിരന്തരം നുണകൾ പറയുകയും, ലൈഫ് ഭവനപദ്ധതിയിലെ അഴിമതിക്ക് കൂട്ട് നിൽക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര അന്വേഷണ ഏജൻസികൾ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ടി.എൻ. പ്രതാപൻ എം.പി.

യു.ഡി.എഫ് 'സ്പീക്ക് അപ്പ് കേരള 'നാലാംഘട്ട സമരപരിപാടി കളക്ടറേറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.

സംസ്ഥാനത്തിന്റ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി നിരന്തരം നുണ പറയുന്നത്. ഇത് കേരളത്തിന് അപമാനമാണ്. പ്രതികൾ അന്വേഷണ ഏജൻസികൾ മുമ്പാകെ സത്യം പറഞ്ഞിട്ടും നുണകൾ ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ആവശ്യപ്പെടുന്നതെന്നും പ്രതാപൻ പറഞ്ഞു.

യു.ഡി.എഫ് നേതാക്കളായ കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട്, കെ. ഗിരീഷ്‌കുമാർ, സി.വി. കുര്യാക്കോസ് , ലൂയീസ് എന്നിവർ പങ്കെടുത്തു. ജില്ലയിലെ 26 കേന്ദ്രങ്ങളിൽ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റികളിടെ ആഭിമുഖ്യത്തിൽ സമരം നടത്തി.