 
മാള: വീട്ടിൽ സാധനങ്ങൾ കൊണ്ടുവന്ന ശേഷം ഉപയോഗശൂന്യമായ കാർട്ടനുകളോടാണ് എട്ടാം ക്ലാസുകാരനായ സോയ് കെ.വർഗീസിന് പ്രിയം. ഈ കാർട്ടണുകളെല്ലാം ചന്തമുള്ള ആനവണ്ടിയും ലോറിയും ട്രക്കുകളുമായി രൂപത്തിലും വർണ്ണത്തിലും മാറ്റിയെടുക്കുമ്പോഴാണ് സോയ് കെ.വർഗീസിന്റെ മിടുക്ക് പ്രകടമാകുന്നത്. ലോക്ക് ഡൗൺ കാലത്ത് വെറുതെയിരുന്നപ്പോൾ തുടങ്ങിയതാണ് ഈ കരവിരുത്. പിന്നീട് ലോക്ക് ഡൗൺ കഴിഞ്ഞാണ് പണികളെല്ലാം പൂർത്തിയാക്കിയത്.
കുണ്ടൂർ സെന്റ് ജോസഫ് കേബ്‌സ് സ്‌കൂളിലെ വിദ്യാർത്ഥിയായ സോയ് കെ.എസ്.ആർ.ടി.സി ബസ്, കണ്ടെയ്‌നർ, ട്രക്ക്, നാഷണൽ പെർമിറ്റ് ലോറികൾ, ജീപ്പ് തുടങ്ങിയ വാഹനങ്ങളാണ് ഇതിനകം നിർമ്മിച്ചത്.
ഉപയോഗശൂന്യമായ കാർട്ടനുകളും രണ്ട് ഈർക്കലികളും പശയും മാത്രമാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ശരാശരി രണ്ട് ആഴ്ചയെടുത്താണ് ഒരു വാഹനം നിർമ്മിക്കുന്നത്. കുഴൂർ കോട്ടയ്ക്കൽ വർഗീസിന്റെയും കുഴൂർ കണ്ടംകുളത്തി വൈദ്യശാലയിലെ ജീവനക്കാരിയായ സിനിയുടേയും മകനാണ് സോയ്. സ്‌കൂളിലെ ക്രാഫ്റ്റ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
കാർട്ടൻ ഉപയോഗിച്ച് വാഹനം നിർമ്മിച്ച് നിറങ്ങൾ നൽകുന്നതിനടക്കം ശരാശരി 50 രൂപയിൽ താഴെ ചെലവ് വരുന്നുള്ളൂവെന്നും കുഞ്ഞായിരിക്കുമ്പോൾ മുതൽ വാഹനങ്ങളോട് വലിയ ഇഷ്ടമാണെന്നും സോയ് പറഞ്ഞു.