തൃശൂർ: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമം ജനസംഖ്യയിലെ മൂന്നിൽ രണ്ടു വിഭാഗത്തിനും സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യം ഉറപ്പുവരുത്തുന്ന യു.പി.എ സർക്കാരിന്റെ ഭക്ഷ്യാവകാശ നിയമത്തെ അപ്രസക്തമാക്കുമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ ഹരിതവേദി സംസ്ഥാന സമ്മേളനം. നബാർഡ്, നാഫെഡ്, എഫ്.സി.ഐ തുടങ്ങിയ സർക്കാർ ഏജൻസികളുടെ സേവനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് കാർഷിക നിയമത്തിലെ കരാർ വ്യവസ്ഥകളും സ്വകാര്യവത്കരണവുമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഹരിതവേദി സംസ്ഥാന ചെയർമാൻ ഡോ. അജിതൻമേനോത്ത് അദ്ധ്യക്ഷനായി. കെ.പി.ജി.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, കാർഷിക വിദഗ്ദ്ധനായ ഡോ. വി.കെ. രാജു, ടി.ജെ. പീറ്റർ, എം.പി. ജോർജ്, കുര്യാക്കോസ് ആന്റണി, പ്രൊഫ. വി.എ. വർഗീസ് എന്നിവർ പ്രസംഗിച്ചു.