പുതുക്കാട്: പാലിയേക്കര ടോളിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് കളക്ടറും സംഘവും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ച് എന്ത് നടപടി സ്വീകരിച്ചു എന്നറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ടെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. പരിശോധന കഴിഞ്ഞ് ഒരു മാസം പിന്നിട്ടു. റിപ്പോർട്ട് സമർപ്പിച്ചെന്ന് പറഞ്ഞ് ഒരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. അതിനാൽ എന്താണ് റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ളതെന്ന് കളക്ടർ വ്യക്തമാക്കണമെന്നും ജോസഫ് ടാജറ്ര് പറഞ്ഞു.
മന്ത്രി രവീന്ദ്രനാഥിന്റെ നിർദ്ദേശാനുസരണമാണ് പരിശോധനയെന്നാണ് കളക്ടർ പറഞ്ഞത്. ദേശീയപാതാ അധികൃതരും എം.എസ്.വി ഇന്റർനാഷണൽ പ്രതിനിധികളും ഇല്ലാത്ത അന്വേഷണം പ്രഹസനമാണ്. അത് ശരിവയ്ക്കും വിധമാണ് ടോളിൽ കുരുക്ക് തുടരുന്നത്. ഇതിനു കാരണം ഫാസ് ടാഗ് റീഡിംഗുമായി ബന്ധപ്പെട്ടതാണെന്നാണ് പറഞ്ഞത്. എന്നാൽ തദ്ദേശീയരുടെ സൗജന്യ പാസുകൾ മൂലം ട്രാക്കിലെ തിരക്ക് കാരണമെന്നാണ് ഇപ്പോൾ പറയുന്നത്.
സൗജന്യ പാസ് വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന് അനുകൂലമായ ഒരു നിലപാടും സർക്കാർ സ്വീകരിക്കുന്നില്ല. സൗജന്യ പാസ് സംവിധാനം ജനുവരി മുതൽ അനുവദിക്കില്ലെന്നാണ് എൻ.എച്ച്.എ.ഐ അറിയിച്ചിട്ടുള്ളത്. ഫാസ് ടാഗിലേക്കു മാറുമ്പോൾ തദ്ദേശീയരുടെ സൗജന്യ സംവിധാനം തുടരുകയും എല്ലാ ട്രാക്കിലും പ്രവേശനം അനുവദിക്കുകയും വേണമെന്നാണ് കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആവശ്യമെന്ന് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.