jasna-rajan

തൃപ്രയാർ: ലോക മാനസികാരോഗ്യ ദിനത്തിൽ പ്രഖ്യാപിച്ച എംപീസ് എക്‌സലൻസി ബെസ്റ്റ് കൗൺസിലർ അവാർഡ് മണപ്പുറം മാഗീത് പബ്ലിക് സ്‌കൂൾ സ്റ്റുഡന്റ് കൗൺസിലർ ജസ്‌ന രാജന് സമ്മാനിച്ചു. ടി.എൻ. പ്രതാപൻ എം.പിയുടെ വസതിയിൽ നടന്ന ചടങ്ങിൽ എം.പിയാണ് അവാർഡ് സമ്മാനിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈൻ നാട്ടിക അദ്ധ്യക്ഷത വഹിച്ചു.
അയ്യായിരത്തിലേറെ കൗൺസലിംഗ് സെഷനുകൾ വിജയകരമായി പൂർത്തിയാക്കി മണപ്പുറം ഫൗണ്ടേഷൻ, മഹിമ കൗൺസിലിംഗ് എന്നീ സ്ഥാപനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജസ്‌ന രാജൻ എം. എസ്.ഡബ്ലിയു ബിരുദവും സൈക്കോളജിയൽ ബിരുദാനന്തരബിരുദധാരിയുമാണ്. കുടുംബശ്രീ, സ്‌കൂളുകൾ, കോളേജുകൾ, സർക്കാർ പദ്ധതികൾ, ജയിലുകൾ എന്നിവയുമായി ബന്ധപ്പെട്ട് പരിശീലന പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും തീരദേശ മേഖലയിലെ നൂറോളം വിദ്യാർത്ഥികൾക്ക് സൗജന്യ കൗൺസലിംഗ് നൽകി മയക്കുമരുന്നിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തതടക്കമുള്ള സേവനത്തിനാണ് അവാർഡ്. 5000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മണപ്പുറം മാഗീത് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഡോ: മൃദുല, സി.എം. നൗഷാദ്, ആന്റോ തൊറയൻ, പ്രവീൺ രവീന്ദ്രൻ, റാനിഷ് കെ രാമൻ, പി.ഐ. നൗഷാദ്, സുജ കെ.വി എന്നിവർ സംബന്ധിച്ചു.