mmmm

അന്തിക്കാട്: രണ്ടാം കയർ പുനഃസംഘടനയോടനുബന്ധിച്ച് സംഘങ്ങൾ യന്ത്രവത്കരിക്കുന്നതിൻ്റെ ഭാഗമായി കരിക്കൊടി കയർ വ്യവസായ സഹകരണ സംഘത്തിൽ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവർത്തന ഉദ്ഘാടനവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക് ഓൺലൈനായി നിർവഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സന്റെ പ്രത്യേക ആവശ്യ പ്രകാരം പുതിയ കെട്ടിടത്തിൻ്റെ സ്ഥലസൗകര്യം വർദ്ധിപ്പിക്കുന്നതിനായി മുകളിലേക്കുള്ള നില പണിയുന്നതിനും സംഘത്തിനോട് ചേർന്നുള്ള ഭുമി വാങ്ങുന്നതിനും ഫണ്ട് അനുവദിക്കാനും മന്ത്രി ഉറപ്പ് നൽകി. 25 വർഷത്തോളം അടഞ്ഞു കിടന്നിരുന്ന സംഘം ഭരണ സമിതിയുടെയും സർക്കാരിൻ്റെയും കൃത്യമായ ഇടപെടലിലൂടെ പ്രവർത്തന സജ്ജമാകുകയും 40 ഓളം തൊഴിലാളികൾക്ക് ജോലി നൽകാനും സാധിച്ചു.

എ.വി ശ്രീവത്സൻ അദ്ധ്യക്ഷനായി. 50 ലക്ഷത്തോളം വിലവരുന്ന 10 എസ്.എം മെഷീനുകളാണ് പുതുതായി സ്ഥാപിച്ചത്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. എൻ. പത്മകുമാർ ഐ.എ.എസ്,​ എം.എൽ.എമാരായ ഗീത ഗോപി,​ മുരളി പെരുനെല്ലി, സി.പി.എം ഏരിയ സെക്രട്ടറി സി.കെ വിജയൻ, സംഘം പ്രസിഡന്റ് ബാബു കല്ലിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.