
പുതുക്കാട്: രാജ്യത്തെ ടോൾ പ്ലാസകളിലെ എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് ഉറപ്പാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിർദ്ദേശം. ഡിസംബർ 31ന് മുമ്പ് സമ്പൂർണ ഫാസ്ടാഗ് സംവിധാനം ഉറപ്പാക്കണമെന്നാണ് ഉത്തരവ്.
ടോൾ പ്ലാസകളുടെ നടത്തിപ്പ് ചുമതലയുള്ള കൺസെഷണൽ കമ്പനികൾക്ക് ദേശീയപാത അതോറിറ്റി ഇതു സംബന്ധിച്ച ഉത്തരവ് നൽകി. 2019 ജൂലായിലെ ഉത്തരവ് പ്രകാരം 2020 ജൂൺ മാസത്തോടെ എല്ലാ വാഹനങ്ങളും ഫാസ്ടാഗ് ആക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കൊവിഡ് മൂലം ഡിസംബർ 31 വരെ തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു.
ഉത്തരവ് നടപ്പാക്കുന്നതോടെ നേരിട്ടുള്ള രൂപ വിനിമയം അവസാനിക്കും. തുടർന്ന് നിരത്തിലുള്ള വാഹനം ഉൾപ്പെടെ പുതുതായി ഇറങ്ങുന്ന എല്ലാ വാഹനങ്ങൾക്കും ഫാസ്ടാഗ് നിർബന്ധമാക്കും.
ഇതോടെ സൗജന്യ പാസ് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരും. ടോൾ പ്ലാസയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള വാഹനം ഇപ്പോഴും സർക്കാർ അനുവദിച്ച സൗജന്യ യാത്രാ പാസ് ഉപയോഗിക്കുന്നുണ്ട്. സർക്കാർ നൽകുമെന്ന് പറഞ്ഞിരുന്ന ഇവരുടെ ടോൾ തുക എങ്ങനെ ഈടാക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല. സൗജന്യ പാസുകാരുടെ മോഡ് ഒഫ് പേയ്‌മെന്റ് സംബന്ധിച്ച് സർക്കാരാണ് തീരുമാനമെടുക്കേണ്ടത്.
അതേസമയം ടോൾ പ്ലാസയിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ച ഫാസ്ടാഗ് ട്രാക്കുകളിൽ വാഹനത്തിരക്ക് ഏറെക്കുറെ പരിഹരിക്കാനായെന്നാണ് ടോൾ പ്ലാസ അധികൃതരുടെ വെളിപ്പെടുത്തൽ. ഇരു ദിശകളിലേക്കുമുള്ള ഫാസ് ടാഗ് ട്രാക്ക് ഓരോന്ന് വീതം വർദ്ധിപ്പിച്ചതിലൂടെ ഹൈബ്രിഡ് ട്രാക്കുകളിൽ വാഹനത്തിരക്ക് രൂക്ഷമായി. ജീവനക്കാരെ നിറുത്തി ടാഗില്ലാത്ത വാഹനങ്ങളെ ഫാസ്ടാഗ് ട്രാക്കുകളിൽ നിന്ന് മാറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ടാഗിൽ ആവശ്യത്തിന് തുകയില്ലാതെ ട്രാക്കിലെത്തുന്നവരിൽ നിന്ന് ഇരട്ടി തുകയാണ് പിഴയായി ഈടാക്കുന്നത്. ടാഗിൽ പണം ഉറപ്പാക്കേണ്ടത് വാഹന ഉടമയുടെ ഉത്തരവാദിത്തമാണെന്നും, പിഴ ഈടാക്കുന്നതിലൂടെ ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശമാണ് നടപ്പാക്കുന്നതെന്നുമാണ് ടോൾ അധികൃതരുടെ ന്യായം. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അഭ്യർത്ഥന മാനിച്ച് കളക്ടറും മോട്ടോർ വാഹന വകുപ്പും ടോൾ പ്ലാസയിലെ തിരക്കിനെക്കുറിച്ച് പഠിക്കുകയും, ഫാസ് ടാഗ് സംവിധാനത്തിന്റെ പ്രവർത്തനത്തിൽ പോരായ്മകളുണ്ടെന്ന് കളക്ടർക്ക് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും കളക്ടർ അറിയിച്ചിരുന്നു.
എന്നാൽ ഇപ്പോൾ തകരാർ പരിഹരിച്ചെന്നും ഹൈബ്രിഡ് ട്രാക്കുകളിലുള്ള വാഹനങ്ങളുടെ എണ്ണക്കൂടുതലാണ് തിരക്കിന് കാരണമെന്നാണ് ടോൾ അധികൃതരുടെ അവകാശവാദം.