
തൃശൂർ: ജയിൽ വകുപ്പിന്റെ അമ്പിളിക്കല കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഭൂരിപക്ഷം പേർക്കും ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മർദ്ദനമേറ്റെന്ന് പൊലീസ്. അമ്പിളിക്കലയിലെ മർദ്ദനം സംബന്ധിച്ച് കൂടുതൽ പരാതികൾ കിട്ടിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമാക്കുന്ന മൊഴി കിട്ടിയത്. അതേസമയം മോഷണക്കുറ്റത്തിന്റെ പേരിൽ അമ്പിളിക്കലയിലെത്തിയ 17 കാരനെ മർദ്ദിച്ചത് ജാമ്യമില്ലാ കുറ്റമാണ്. ഈ വകുപ്പ് ചേർത്താണ് കേസെടുക്കുക. ജയിൽ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക അനുമതി വേണ്ടാത്തതിനാൽ അതിനായുള്ള നടപടികളിലേക്ക് നീങ്ങുകയാണ് പൊലീസ്.
അമ്പിളിക്കലയിൽ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ നാല് വരെ കഴിഞ്ഞവരുടെ മൊഴിയാണ് പൊലീസ് ശേഖരിച്ചത്. ഈ ദിവസങ്ങളിൽ ഇവിടെ 24 പേരാണ് നിരീക്ഷണത്തിൽ കഴിഞ്ഞത്. ഇതിൽ 19 പേർക്കും മർദ്ദനമേറ്റതായി മൊഴി നൽകി. അമ്പിളിക്കലയിൽ മരിച്ച ഷെമീറിനൊപ്പമുണ്ടായിരുന്ന ജാഫർഖാന്റെ മൊഴി മാത്രമാണ് ഇനി ശേഖരിക്കാനുള്ളത്.
ജയിൽ വകുപ്പിലെ ജീവനക്കാരെ ഭയന്ന് മർദ്ദന വിവരം പറയാതെ വെച്ചിരുന്നവരാണ് ഇപ്പോൾ പൊലീസിനോട് എല്ലാം തുറന്ന് പറഞ്ഞത്. അമ്പിളിക്കലയിലെ പീഡനത്തിൽ ഷെമീർ മരിച്ച സംഭവത്തെത്തുടർന്നാണ് ഇവിടുത്തെ കാര്യങ്ങൾ പുറം ലോകം അറിഞ്ഞത്. ഷെമീർ മരിച്ച സംഭവത്തിലും കൂടുതൽ തെളിവെടുപ്പ് നടത്തും. ഇതിനായി ചൊവ്വാഴ്ച സാക്ഷികളുടെ മൊഴിയെടുക്കും.
ഷെമീറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഹാജരാക്കണമെന്ന് മനുഷ്യവകാശ കമ്മിഷൻ
തൃശൂർ: അമ്പിളിക്കല കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ ഷെമീറിന്റെ മരണം ജയിൽ ജീവനക്കാരുടെ മർദ്ദനമേറ്റാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ പോസ്റ്റ് മോർട്ടം സർട്ടിഫിക്കറ്റും ഇൻക്വസ്റ്റ്, ഫോറൻസിക് റിപ്പോർട്ടുകളും ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജയിൽ ഡി.ജി.പിക്ക് നിർദ്ദേശം നൽകി. ഷെമീറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചും രണ്ട് പേർക്ക് മർദ്ദനമേറ്റെന്ന പരാതിയെ കുറിച്ചും ജയിൽ വിഭാഗം ഡി.ജി.പി 30 ദിവസത്തിനകം റിപ്പോർട്ട് ഹാജരാക്കണം.
വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 17വയസുകാരൻ ഉൾപ്പെടെ രണ്ടു പേർക്ക് കൂടി നിരീക്ഷണ കേന്ദ്രത്തിൽ ക്രൂരമർദ്ദനമേറ്റെന്ന പരാതി വിശദമായി അന്വേഷിക്കണമെന്നും കമ്മിഷൻ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. ഷെമീറിന്റെ മരണത്തെ തുടർന്ന് നാല് ജയിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നായിരുന്നു പ്രാഥമികാന്വേഷണ റിപ്പോർട്ട്. മരണകാരണമാവുന്ന രീതിയിൽ മർദ്ദിച്ചിട്ടില്ലെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ സെപ്തംബർ 29നാണ് ഷെമീറിനെയും സംഘത്തെയും പത്തുകിലോ കഞ്ചാവുമായി തൃശൂരിൽ പൊലീസ് പിടികൂടിയത്. അന്നുതന്നെ, കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. റിമാൻഡ് ചെയ്യുന്നതിന് മുമ്പ് പ്രതിക്ക് നടത്തിയ വൈദ്യപരിശോധനയിൽ മർദ്ദനമേറ്റതായി കണ്ടെത്തിയിട്ടില്ല. ജയിൽ വകുപ്പിന്റെ കൊവിഡ് കെയർ സെന്ററിലേക്കാണ് പ്രതിയെ കൊണ്ടുപോയത്. അവിടെവച്ച്, മൂന്നു പ്രതികൾക്കും ക്രൂരമായി മർദ്ദനമേറ്റെന്നാണ് മൊഴി. ഗുരുതരാവസ്ഥയിലായ ഷെമീറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം വൈകാതെ മരിച്ചു. ശരീരത്തിൽ 40 ഓളം ക്ഷതങ്ങൾ സംഭവിച്ചതായും വാരിയെല്ല് തകർന്നിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.