കൊടുങ്ങല്ലൂർ: 20ാം വാർഡിലെ നഗരസഭ കൗൺസിലറായ എം.എസ് വിനയകുമാർ വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ പുസ്തക പ്രകാശനം ചെയ്തു. 'എന്റെ നട വഴികളിലൂടെ' എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം അഡ്വ. വി.ആർ സുനിൽ കുമാർ എം.എൽ.എ എൽത്തുരുത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം നിർവഹിച്ചു.

നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന സി.പി.എം നേതാവ് അമ്പാടി വേണു, മുൻ നഗരസഭ ചെയർമാൻ സി.സി വിപിൻ ചന്ദ്രൻ, കൗൺസിലർമാരായ അഡ്വ. സി.പി രമേശൻ, കെ.എസ് കൈസാബ്, ശ്രീവിദ്യ പ്രകാശിനി സഭ പ്രസിഡന്റ് പ്രൊഫ. കെ.കെ രവി, ശ്രീകുമാര സമാജം പ്രസിഡന്റ് ഒ.എൻ ദിനകരൻ, മേത്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ജി പുഷ്പാകരൻ, സി.പി.എം ലോക്കൽ സെക്രട്ടറി സി.വി ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ഈ കാലയളവിൽ 20ാം വാർഡിൽ 7 കോടിയുടെ സമ്പൂർണ്ണ പദ്ധതി നടത്താൻ കഴിഞ്ഞതായി വികസന രേഖയിൽ പറയുന്നു. 80 ലൈഫ് വീടുകൾ പണി പൂർത്തീകരിച്ച് ഈ വാർഡിൽ നൽകാനും കഴിഞ്ഞിട്ടുണ്ട്. വയോജന സംരക്ഷണം, ക്ഷീര മത്സ്യമേഖലകൾ, വനിതശിശു വികസനം, പട്ടികജാതി വികസനം, പ്രളയാനന്തര സഹായം, കുടുംബശ്രീ, തൊഴിലുറപ്പ്, ആരോഗ്യ വിദ്യാഭ്യാസ മേഖല തുടങ്ങിയ മേഖലകളിൽ മികവാർന്ന വികസനമാണ് നടത്തിയിട്ടുള്ളത്.