പാവറട്ടി: ഹൈക്കോടതി വിധിയെ തുടർന്ന് പാവറട്ടി സെന്ററിലെ വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിൽ പൊതുമരാമത്ത് റോഡിലെ ഓട്ടോ പാർക്കിംഗ് നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മിന്നൽ പണി മുടക്കാരംഭിച്ചു. പുതിയ സ്ഥലത്ത് മുഴുവൻ ഓട്ടോകളും ഉൾക്കൊള്ളാനാകില്ലന്നും സെന്ററിൽ പാർക്കിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ടുമാണ് സമരം തുടങ്ങിയത്. ഉച്ചക്ക് ഒന്നരക്ക് ട്രേഡ് യൂണിയൻ നേതാക്കളുമായി പഞ്ചായത്ത് വിളിച്ച് ചേർത്ത ഒത്തുതീർപ്പു ചർച്ച അലസിപിരിഞ്ഞു. തൊഴിലാളികൾ രാത്രി വരെ അഞ്ചാൾ വീതം സമരം നടത്തി. ചൊവ്വാഴ്ച്ച മുതൽ കഞ്ഞി വച്ച് കുടിച്ച് പട്ടിണിസമരം നടത്തും. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ ഓട്ടോ പാർക്കിംഗ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി അസോസിയേഷൻ നല്കിയ പരാതിയിലാണ് ഹൈക്കോടതി വിധി. ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കളായ ആൻഡ്രൂസ്, എൻ.ജെ. ലിയോ, സുധീർ പൊറ്റെക്കാട്, വേണുഗോപാൽ, എൻ.എ. ഷാഹുൽ ഹമീദ്, ഇസ്മായിൽ, ലെത്തീഫ്, സി.ടി. മനാഫ്, മുഹമ്മദ് എന്നിവർ സമരത്തിന് നേതൃത്വം നല്കി.