തൃശൂർ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ജില്ലയിലെ പ്രഥമ ഐ.എസ്.ഒ അംഗീകാരം നേടിയ തോളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജനകീയ പങ്കാളിത്തത്തോടെ എം.എൽ.എ, എം.പി വികസന ഫണ്ടുകൾ ഉപയോഗിച്ചും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും സജ്ജീകരിച്ച ഡയാലിസിസ് സെന്റർ നാളെ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.

നിർദ്ധനരായ കിഡ്‌നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നടത്തണമെന്ന് ലക്ഷ്യമിട്ടാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. 2015-20 തദ്ദേശ ഭരണ കാലഘട്ടത്തിൽ സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ ഡയിലിസിസ് സെന്റർ നടപ്പിലാക്കിയ പ്രഥമ ബ്ലോക്ക് പഞ്ചായത്താണ് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്.

മുൻ ന്ത്രി സി.എൻ. ബാലകൃഷ്ണന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിലാണ് ഡയാലിസിസ് സെന്റർ പ്രവർത്തനക്ഷമമാക്കുന്നത്. രമ്യഹരിദാസ്.എം.പി,
അനിൽ അക്കര എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ എസ്. ഷാനവാസ്, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, കിഡ്‌നി ഫെഡറേഷൻ ഒഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവീസ് ചിറമ്മൽ തുടങ്ങിയവർ പങ്കെടുത്തു.
പത്ര സമ്മേളനത്തിൽ സി.വി. കുരിയാക്കോസ് , അഡ്വ. ലൈജു സി. എടക്കളത്തൂർ, ഷീബ ഗിരീഷ്, ടി. ജയലക്ഷമി ടീച്ചർ, ബി.എം. ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.