 
തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയുടെ പണി വൈകിയത് നാട്ടുകാരുടെ സമരം മൂലം കരാർ കമ്പനിക്ക് സാമ്പത്തിക ബാദ്ധ്യത ആയതിനാലാണെന്ന് ദേശീയ പാത അതോറിറ്റി.
റോഡിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾ മുടങ്ങുന്നതും ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടി കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ തുടർന്നാണ് ദേശീയപാത അതോറിറ്റിയുടെ മറുപടി.
ദേശീയപാതയുടെ കേരള റീജ്യണൽ ഓഫീസർ ബി.എൽ. മീണയോട് നടപടി എടുക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയിരുന്നു. നടപടിയുടെ തീരുമാനം പരാതിക്കാരനെ അറിയിക്കാനും ആവശ്യപ്പെട്ട്, പാലക്കാടിന്റെ ചുമതല വഹിച്ചിരുന്ന കോഴിക്കോട് പ്രൊജക്ട് ഓഫീസർ നിർമ്മൽ സാഥേയ്ക്ക് ബി.എൽ. മീണ പരാതി കൈമാറിയിരുന്നു. എന്നാൽ ദേശീയപാത ഉദ്യോഗസ്ഥർ മറുപടി നൽകിയില്ല. വീണ്ടും പ്രധാനമന്ത്രിക്ക് പരാതി നൽകിയപ്പോഴാണ്, സാമ്പത്തിക പ്രയാസം കാരണം ധനകാര്യ സ്ഥാപനങ്ങൾ കരാർ കമ്പനിയെ നോൺ പെർഫോമിംഗ് അസറ്റസ് ആയി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും നാട്ടുകാരുടെ സമരങ്ങൾ കാരണം പദ്ധതി വൈകിയതിനാലാണെന്നും ആരോപിച്ചത്.
ഒരു പതിറ്റാണ്ടിലേറെ പഴക്കം
ദേശീയപാതയിൽ മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ (28.5 കി.മീ) ആറുവരിപ്പാത നിർമിക്കുന്നതിനുള്ള കരാർ ഒപ്പുവച്ചിട്ട് 11 വർഷം കഴിഞ്ഞു. ദേശീയപാത അതോറിറ്റി എക്‌സ്പ്രസ് വേ കമ്പനിക്കാണ് കരാർ നൽകിയത്.
കുതിരാനിൽ 965 മീറ്റർ ദൂരമുളള ഇരട്ടക്കുഴൽ തുരങ്ക പാതയും ഇതിലുൾപ്പെടും. ജോലികൾ പൂർത്തിയാകാൻ 2021 ഓഗസ്റ്റ് 17 വരെ കാത്തിരിക്കണമെന്നാണ് ദേശീയപാതാ അതോറിറ്റി അറിയിച്ചിട്ടുള്ളതെങ്കിലും അപ്പോഴും തീരുമെന്ന പ്രതീക്ഷ ജനങ്ങൾക്കില്ല.
ഇതിനുശേഷം ആരംഭിച്ച വടക്കഞ്ചേരി - വാളയാർ ഹൈവേ മൂന്ന് വർഷം മുൻപ് പൂർത്തിയാക്കി. 2014ൽ നിലവിലെ കമ്പനിയുടെ കരാർ റദ്ദാക്കാൻ നോട്ടീസ് നൽകിയ ശേഷം പിൻവലിച്ചിരുന്നു. പാതയിൽ കഴിഞ്ഞ 10 വർഷത്തിനിടെ 302 പേർ വിവിധ അപകടങ്ങളിൽ മരിച്ചതായി വിവരാവകാശരേഖ ലഭിച്ചിരുന്നു. കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കാരണം 13 തവണയാണ് നിർമാണം നിറുത്തിവച്ചത്.
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
പൂർത്തിയാക്കിയത് : 70 ശതമാനം പ്രവൃത്തികൾ
വ്യവസ്ഥ: 30 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കണം
കോടതി ഉത്തരവിലൂടെ സ്ഥലമേറ്റെടുക്കൽ പൂർത്തിയായത്: 2013ൽ
ഏറ്റെടുത്ത കരാർ: 514.05 കോടി രൂപ.
ഇപ്പോൾ: 1200 കോടി രൂപയിലേറെ
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ മൂലം ദേശീയപാതയുടെ ഉന്നതാധികാര സമിതി പ്രശ്‌നം ഏറ്റെടുക്കുകയും കരാർ കമ്പനി, ധനകാര്യ സ്ഥാപനങ്ങളെ മാറ്റാനുളള നടപടികൾ കൈക്കൊള്ളാനുള്ള ശ്രമം നടത്തിവരുന്നതാണെന്നും ദേശീയപാത അതോറിറ്റി പ്രൊജക്ട് എൻജിനിയർ എനിക്ക് നൽകിയ മറുപടിയിൽ വിശദീകരിക്കുന്നുണ്ട്. എന്തായാലും വിഷയം ഗൗരവത്തിലെടുത്തുവെന്നതിൻ്റെ തെളിവാണിത്.
- അഡ്വ. ഷാജി കോടങ്കണ്ടത്ത്