 
തൃശൂർ: കൊവിഡ് പരിശോധനാ ഫലം വരുന്നത് വരെ പ്രതികളെ പാർപ്പിച്ചിരുന്ന അമ്പിളിക്കല കൊവിഡ് കെയർ സെന്റർ പൂട്ടുന്നു. പ്രതികൾക്ക് ക്രൂരമർദ്ദനം ഏൽക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിർദ്ദേശത്തെ തുടർന്ന് പൂട്ടാൻ ഉത്തരവിട്ടത്. ജീവനക്കാരുടെ ക്ഷാമം മൂലം രണ്ടിടത്തെ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് കൊണ്ടുപോകാൻ സാധിക്കാതെ ജയിൽ അധികൃതർ നട്ടംതിരിയുന്നതിനിടയിലാണ് അമ്പിളിക്കല അടച്ച് പൂട്ടാൻ തീരുമാനിക്കുന്നത്.
ജയിലുകളിലും കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും സുരക്ഷയും ജീവനക്കാരും ഇല്ലെന്ന് കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കൊവിഡ് കെയർ സെന്ററിൽ വേണ്ടത്ര ശ്രദ്ധപുലർത്തിയില്ലെന്ന കാരണത്താൽ ജില്ലാ ജയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ശക്തൻ സ്റ്റാൻഡ് പരിസരത്ത് നിന്ന് കഞ്ചാവുമായി പിടികൂടിയ സംഘത്തിലെ തിരുവനന്തപുരം സ്വദേശി ഷമീർ അടക്കം നിരവധി പേർക്ക് ഇവിടെ വച്ച് ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മോഷണക്കുറ്റത്തിന്റെ പേരിൽ അമ്പിളിക്കലയിലെത്തിയ 17 കാരനെ മർദ്ദിച്ചത് ഇന്നലെ സസ്‌പെൻഡ് ചെയ്യപ്പെട്ട അരുണും രമേഷും കൂടിയാണ്. ഇവർ നേരത്തെ ഉണ്ടായിരുന്ന ജയിലുകളിലും തടവുകാരെ മർദ്ദിക്കുന്നത് സ്ഥിരം സംഭവമാണെന്നും പറയുന്നു. ഷെമീറിനെയും ഇവർ മർദ്ദിച്ചതായി സഹതടവുകാരിൽ നിന്നുള്ള മൊഴി ലഭിച്ചിരുന്നു.
അമ്പിളിക്കലയിൽ സെപ്തംബർ 30 മുതൽ ഒക്ടോബർ നാല് വരെ കഴിഞ്ഞവരുടെ മൊഴിയാണ് പൊലീസ് ശേഖരിച്ചത്. ഈ ദിവസങ്ങളിൽ ഇവിടെ 24 പേരാണ് നിരീക്ഷണത്തിൽ കഴിഞ്ഞത്. ഇതിൽ 19 പേർക്കും മർദ്ദനമേറ്റതായാണ് മൊഴി. ഷെമീറിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പരിശോധന നടത്തി ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്ന നിർദ്ദേശം വകവയ്ക്കാതെ അമ്പിളിക്കലയിലേക്ക് എത്തിക്കുകയായിരുന്നു. ഷമീറിനെ കൊണ്ട് വരുന്നതിനിടെ ജീപ്പിൽ വച്ചാണ് മർദ്ദനം ഉണ്ടായെന്നാണ് അറിയുന്നത്. ആശുപത്രിയിൽ വച്ച് ജയിൽ ജീവനക്കാരെ ഷെമീർ പരാക്രമത്തിനിടെ വിലങ്ങ് കൊണ്ട് ഇടിച്ചതായി പറയുന്നു. ഇതിനുള്ള പ്രതികാരമായിരുന്നത്രെ മർദ്ദനം.
മൊഴികളെല്ലാം ജീവനക്കാർക്ക് എതിരെ
റിമാൻഡ് പ്രതി മരിക്കുകയും മറ്റ് പ്രതികൾക്ക് മർദ്ദനം ഏൽക്കേണ്ടി വന്ന സംഭവത്തിലും ഡ്യുട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർക്കെതിരെയാണ് എല്ലാ മൊഴികളും. ജയിൽ ഡി.ജി.പി, ജയിൽ ഡി.ഐ.ജി എന്നിവരാണ് ഇവിടെ സന്ദർശിച്ച് മൊഴികളെടുത്തത്. അതേസമയം ആരോപണത്തിൽപ്പെട്ട രണ്ട് പേർക്കെതിരെ നടപടി ഇല്ലാത്തതിൽ ദൂരുഹത ഉയരുന്നുണ്ട്. അവർ അടുത്തിടെ ജോലിയിൽ പ്രവേശിച്ചവരാണെന്നും മർദ്ദനത്തിൽ പങ്കില്ലെന്നുമാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇവർ നടയടിക്ക് നേതൃത്വം കൊടുത്തിട്ടുണ്ടെന്നും പറയുന്നുണ്ട്.
പ്രതികൾ ഇനി ജില്ലാ ജയിലിൽ
ഇനി മുതൽ റിമാൻഡ് പ്രതികളെ ജില്ലാ ജയിലിലെ ഒഴിഞ്ഞ് കിടക്കുന്ന ബ്ലോക്കുകളിൽ പാർപ്പിക്കും. മൂന്ന് ബ്ലോക്കുകളാണ് ഇവിടെ ഒഴിഞ്ഞ് കിടക്കുന്നത്. ഇതിൽ ഒരെണ്ണം വനിതാ പ്രതികളെ പാർപ്പിക്കും. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആകുന്ന മുറയ്ക്ക് ഇവരെ ജില്ലാ ജയിലിലെ സെല്ലുകളിലേക്ക് മാറ്റും. പ്രതികൾക്ക് കൊവിഡ് കണ്ടെത്തിയാൽ അവരെ ആശുപത്രികളിലേക്കും ഒപ്പമുള്ളവരെ നിരീക്ഷണത്തിനായി മറ്റൊരു ബ്ലോക്കിലേക്കും മാറ്റും.
ജയിലിൽ പരിശോധന
റിമാൻഡ് പ്രതികൾക്ക് ജില്ലാ ജയിലിൽ തന്നെ കൊവിഡ് പരിശോധന ഏർപ്പെടുത്തും. ഇതിനായി ജില്ലാ ആരോഗ്യ വകുപ്പ് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തും.