
തൃശൂർ: ജില്ലയിൽ പ്രതീക്ഷിക്കാതെ പെയ്ത മഴ ജില്ലയിലെ കോൾ കർഷകരെ വലയ്ക്കുന്നു. സെപ്തംബർ അവസാനം ലഭിച്ച കനത്തമഴയ്ക്ക് പിന്നാലെ നിരന്തരമായി മഴ പെയ്യുന്നതിൽ മുണ്ടകൻ കൃഷിയിറക്കിയവർ ആശങ്കയിലാണ്. ജില്ലയിലെ പലയിടത്തും ഞാറ് മഴയിൽ മുങ്ങിപ്പോയി. തുലാവർഷം ആരംഭിക്കുന്നതിനു മുമ്പ് നട്ട നെൽച്ചെടികൾ വലുതായാൽ മാത്രമേ തുലാമഴയിൽ നിന്ന് രക്ഷ നേടാനാകൂ.
ജില്ലയിലെ കോൾനിലങ്ങളിൽ വിത്തിറക്കുന്നതിെന്റ ഭാഗമായി ആരംഭിച്ച പമ്പിംഗ് കനത്ത മഴയെ തുടർന്ന് നേരത്തെ പലയിടത്തും തടസപ്പെട്ടിരിന്നു. തുടർന്ന് വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്തു കളഞ്ഞതിന് പിന്നാലെയാണ് വിത ആരംഭിച്ചത്. ശേഷം വീണ്ടും മഴ എത്തിയതാണ് കാര്യങ്ങൾ അവതാളത്തിലാക്കിയത്.
മുണ്ടകൻ കൃഷി 10000 ഏക്കറിൽ
30000 ഏക്കർ കോൾ കൃഷിയാണ് ജില്ലയിലുള്ളത്. ഇതിൽ 10000 ഏക്കറിലാണ് നിലവിൽ മുണ്ടകൻ കൃഷി ചെയ്തിരിക്കുന്നത്. ഇതെല്ലാം വെള്ളത്തിലാകുമെന്ന ഭീതിയിലാണ് കർഷകരുള്ളത്. എതാനും ദിവസം മുമ്പ് ഉണ്ടായ മഴയിൽ വിത്തിറക്കുന്നതിന്റെ ഭാഗമായി ചീപ്പുകൾ അടച്ചിട്ടിരുന്നതിനാൽ പാടശേഖരങ്ങളിൽ വെള്ളം കയറിയിരുന്നു. തുടർന്ന് പാടശേഖര സമിതികളുടെ നേതൃത്വത്തിൽ ചീപ്പുകൾ തുറന്ന് വെള്ളം ഒഴുക്കിക്കളയുകയായിരുന്നു.
2000 എക്കർ കൃഷി വെള്ളത്തിൽ
കനത്ത മഴയിൽ അടുത്തിടെ വിത്തിറക്കിയ 2000 ഏക്കർ കൃഷി വെള്ളത്തിലായിരിക്കുകയാണ്. നേരത്തെ പാടശേഖരത്തിൽ ശേഖരിക്കപ്പെട്ട വെള്ളം പമ്പ് ചെയ്തതിന് പിന്നാലെയാണ് ഉമ വിത്ത് വിതച്ചത്.
ഇതിൽ 1000 ഏക്കർ പാടത്ത് വിതച്ചതെല്ലാം നശിച്ചെന്നാണ് കണക്ക്. മുല്ലശേരി, കണ്ണോത്ത്, ഏലമല, മതുകര തെക്ക്, മതുകര വടക്ക് അടക്കം പാടശേഖരങ്ങളിലാണ് വെള്ളം കയറി നശിക്കുന്നത്. വെള്ളം പൂർണമായി കയറിയിട്ടില്ലെങ്കിലും ആവശ്യത്തിൽ അധികം കെട്ടിക്കിടക്കുന്നത് വിതച്ചത് നശിക്കുന്നതിന് ഇടയാക്കും. മഴ അടുത്ത ദിവസങ്ങളിലും തുടർന്നാൽ ഇവ ചീഞ്ഞു പോകുമെന്ന് കർഷകർ പറയുന്നു. നേരത്തെ മനക്കൊടി, അരിമ്പൂർ, എനാമാവ്, ആലപ്പാട്, പുള്ള്, ജൂബിലി തേവർ പടവ് മേഖലകളിൽ വിത്തിറക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതിനിടയിലും ശക്തമായ മഴ തടസം സൃഷ്ടിച്ചിരുന്നു.
വല്ലാതെ വെള്ളം കെട്ടിനിൽക്കുന്ന പാടശേഖരങ്ങളിൽ നിന്നും വെള്ളം ഒഴുക്കി കളഞ്ഞ് വീണ്ടും കൃഷി നടത്താൻ ഒരുങ്ങുകയാണ് കർഷകർ. തുടർന്ന് വീണ്ടും വിതയ്ക്കാനാണ് കർഷക കൂട്ടായ്മയുടെ തീരുമാനം. ഇതിനിടെ പരക്കെ മഴ തുടരുന്നത് തുടർ പ്രവർത്തനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സർക്കാരിന്റെ ഭാഗത്ത് നിന്നും സഹായം വേണമെന്ന ആവശ്യവും കർഷകർ ഉയർത്തുന്നു.