jail

തൃശൂർ: കഞ്ചാവ് കേസിലെ പ്രതി കൊവിഡ് നിരീക്ഷണകേന്ദ്രത്തിൽ മർദ്ദനമേറ്റ് മരിക്കുകയും റിമാൻഡിലായ 17 വയസുകാരന് മർദ്ദനമേൽക്കുകയും ചെയ്ത സംഭവങ്ങളിൽ വിയ്യൂർ ജില്ല ജയിൽ സൂപ്രണ്ട് അടക്കം മൂന്നു പേർക്ക് സസ്‌പെൻഷൻ. ജില്ല ജയിലിന് കീഴിലുള്ള സംവിധാനത്തിലുണ്ടായ മേൽനോട്ടക്കുറവിന്റെ പേരിലാണ് ജയിൽ സൂപ്രണ്ട് രാജു എബ്രഹാമിനെ സസ്‌പെൻഡ് ചെയ്തതെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷമീർ മരിച്ച സംഭവത്തിലെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

ആരോപണ വിധേയരായ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എം.എസ്.അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എ.ആർ.രമേഷ് എന്നിവരാണ് സസ്‌പെൻഷനിലായ മറ്റു രണ്ട് പേർ. കഞ്ചാവ് കേസ് പ്രതി തിരുവനന്തപുരം സ്വദേശി ഷമീർ മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേരെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. പ്രതികളുടെ കൊവിഡ് പരിശോധനാഫലം വരുന്നതുവരെ പാർപ്പിക്കുന്ന അമ്പിളിക്കല നിരീക്ഷണകേന്ദ്രം പൂട്ടാനും തീരുമാനിച്ചു. ജില്ലാ ജയിലിലെ ഒഴിഞ്ഞുകിടക്കുന്ന മൂന്നു ബ്ലോക്കുകളിലായിരിക്കും ഇനിമുതൽ അവരെ പാർപ്പിക്കുക.
മർദ്ദനം നടന്ന അമ്പിളിക്കല, വിയ്യൂർ സബ് ജയിൽ, 17 വയസുകാരനെ പാർപ്പിച്ചിരിക്കുന്ന രാമവർമ്മപുരം ജുവനൈൽ ഹോം എന്നിവിടങ്ങളിൽ ജയിൽ ഡി.ജി.പി നടത്തിയ സന്ദർശനത്തിന്റെയും പ്രതികളിൽനിന്നു ശേഖരിച്ച മൊഴികളുടെയും അടിസ്ഥാനത്തിലാണ് നടപടി.
ഷമീർ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ തുടർ നടപടികൾ ഉണ്ടാകൂവെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. സസ്‌പെൻഡ് ചെയ്യപ്പെട്ട അരുണും രമേഷും മേൽപ്പറഞ്ഞ രണ്ട് കേസുകളിലും ഉൾപ്പെട്ടിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടു പേർകൂടി അന്വേഷണപരിധിയിലുണ്ട്. അവർക്കിതിൽ പങ്കുണ്ടോയെന്ന് കണ്ടെത്തിയിട്ടില്ല. എറണാകുളം വനിതാ ജയിലിൽ കഴിയുന്ന ഷമീറിന്റെ ഭാര്യയുടെയും, സഹതടവുകാരായിരുന്ന കൊലപാതക, പോസ്‌കോ കേസുകളിലെ പ്രതികളുടെയും മൊഴി കഴിഞ്ഞദിവസം ഡി.ജി.പി എടുത്തിരുന്നു. ഇന്നലെ രാവിലെ അമ്പിളിക്കലയിൽ എത്തിയ ഡി.ജി.പി അവിടെ കഴിയുന്നവരിൽ നിന്നും സബ് ജയിലിലുള്ള ഷമീറിനൊപ്പം പിടിയിലായ ജാഫറിൽ നിന്നും മൊഴിയെടുത്തു.

വിയ്യൂർ സെൻട്രൽ ജയിൽ അസി.സൂപ്രണ്ടായിരുന്ന രാജു എബ്രഹാം, മാസങ്ങൾക്കുമുമ്പാണ് ജില്ലാ ജയിൽ സൂപ്രണ്ടായി ചുമതലയേറ്റത്. ആലപ്പുഴ ജില്ല ജയിൽ സൂപ്രണ്ട് സാജന് തൃശൂർ ജയിലിന്റെ ചുമതലകൂടി നൽകി. റിമാൻഡ് പ്രതികളെ താമസിപ്പിക്കുന്ന കൊവിഡ് കേന്ദ്രങ്ങളിൽ മൂഴുവൻ സമയ മേൽനോട്ടത്തിന് രണ്ട് അസി. പ്രിസൺ ഓഫീസർമാരെ നിയമിക്കാൻ കഴിഞ്ഞ ദിവസം ജയിൽ വകുപ്പ് ഉത്തരവിറക്കിയിരുന്നു.